NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബില്ലുകള്‍ ഒപ്പിടുന്നില്ല; ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി പിടിച്ചു വയ്ക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ബില്ലുകളില്‍ അനന്തമായി തീരുമാനം നീട്ടാന്‍ ഗവര്‍ണര്‍ക്കു കഴിയില്ലെന്ന നിയമോപദേശ ത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം. ഗവര്‍ണര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതെ അനന്തമായി പിടിച്ചുവയ്ക്കുന്ന ബില്ലുകളില്‍ ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകളും ഉള്‍പ്പെടുന്നു.

 

നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് അയച്ചാല്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെ സംബന്ധിച്ചു ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദം വിശദീകരിക്കുന്നുണ്ട്. ഗവര്‍ണര്‍ ഒപ്പിട്ടാല്‍ ബില്ല് നിയമമാകും. ഒപ്പിടുന്നില്ലെങ്കില്‍ പുനഃപരിശോധനക്കു തിരിച്ചയക്കാം. പുനഃപരിശോധനക്ക് അയച്ച ബില്‍ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ ബാധ്യസ്ഥനുമാണ്.

 

ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടാനുള്ള അധികാരവും ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നു. എന്നാല്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നാല്‍ സര്‍ക്കാരിന് ഓര്‍മിപ്പിക്കാമെന്നല്ലാതെ കൂടുതല്‍ ഇടപെടലുകള്‍ നടത്താനാകില്ല. ബില്ലില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിനെ സംബന്ധിച്ച് സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്ന പഴുത് ഉപയോഗിച്ചാണ് ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനം എടുക്കാതെ അനന്തമായി നീട്ടി കൊണ്ട് പോകുന്നത്.

 

ഗവര്‍ണറുടെ ഈ നടപടി ഭരണഘടന വിരുദ്ധമാണെന്നു വിലയിരുത്തിയാണ് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുന്നത്. ഗവര്‍ണര്‍മാരുടെ ഇത്തരം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കെതിരെ നേരത്തെ വിവിധ സംസ്ഥാനങ്ങള്‍ സുപ്രിം കോടതിയെ സമീപിച്ചു വിധി നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *