സഹപ്രവർത്തകർ എഴുതിയ രാജിക്കത്തിൽ ഭാഷ അറിയാതെ ഒപ്പിട്ട കാസർകോട്ടെ പഞ്ചായത്ത് അംഗം വെട്ടിലായി

പ്രതീകാത്മക ചിത്രം

മലയാളം അറിയാത്ത പഞ്ചായത്ത് അംഗം, സഹപ്രവർത്തകർ എഴുതി നൽകിയ പേപ്പറിൽ ഒപ്പിട്ട് വെട്ടിലായി. മലയാളത്തിൽ എഴുതിയ രാജിക്കത്തിലാണ് വാർഡ് അംഗം ഒപ്പിട്ടത്. കാസർകോട്ടെ മെഗ്രാൽ പുത്തൂരിലെ പതിനാലാം വാർഡ് അംഗം ദീക്ഷിത് കല്ലങ്കൈയാണ് വെട്ടിലായത്. രാജി പിൻവലിക്കാനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കേണ്ട അവസ്ഥയിലാണ് സംവരണ വാർഡിൽനിന്ന് വിജയിച്ച ദീക്ഷിത്.
ഒക്ടോബർ 12നാണ് മലയാളത്തിൽ എഴുതിയ ഒരു പേപ്പറുമായി സഹ വാർഡ് അംഗങ്ങൾ തന്നെ സമീപിച്ചതെന്ന് ദീക്ഷിത് പറഞ്ഞു. അത്യാവശ്യമായി ഒപ്പിട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറേണ്ട പേപ്പറാണെന്ന് അവർ പറഞ്ഞു. അതനുസരിച്ച് പേപ്പറിനെ താഴെ ദീക്ഷിത് ഒപ്പിട്ട് നൽകുകയും ചെയ്തു.
എന്നാൽ രണ്ടുദിവസം കഴിഞ്ഞാണ് ദീക്ഷിത് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയെന്ന കാര്യം വാട്സാപ്പിലൂടെയും മറ്റും പ്രചരിച്ചത്. രാജിക്കത്ത് നൽകിയതിന് സെക്രട്ടറി നൽകിയ രസീതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് താൻ വഞ്ചിക്കപ്പെട്ടെന്ന് ദീക്ഷിതിന് മനസിലായത്.
പട്ടികജാതി വിഭാഗക്കാരനായ ദീക്ഷിത് എസ്.ഡി.പി.ഐ സ്ഥാനാർഥിയായി 305 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബോർഡ് യോഗങ്ങൾക്കും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കുമാണ് ദീക്ഷിത് പഞ്ചായത്ത് യോഗത്തിന് പോകാറുള്ളത്. ഒപ്പിട്ട് നൽകിയത് രാജിക്കത്താണെന്ന വിവരം സെക്രട്ടറിയും തന്നോട് പറഞ്ഞില്ലെന്ന് ദീക്ഷിത് പറഞ്ഞു.
തന്നെ ചതിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ദീക്ഷിത്. കാലങ്ങളായി ലീഗ് ജയിച്ചുകൊണ്ടിരുന്ന വാർഡിലാണ് ദീക്ഷിത് വിജയിച്ചത്. ദീക്ഷിതിന്‍റെ ജയം അംഗീകരിക്കാനാകാത്തതുകൊണ്ടാണ് ലീഗ് ഇത്തരമൊരു ചതി ചെയ്തതെന്ന് എസ്.ഡി.പി.ഐ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.