പ്രധാനമന്ത്രിക്ക് ഇ മെയില്‍ വഴി വധഭീഷണി ; അന്വേഷണം ഊര്‍ജിതമാക്കി.


പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. ദേശീയ അന്വേഷണ ഏജന്‍സിക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. ഈമെയില്‍ വഴിയാണ് സന്ദേശം എത്തിയത്. ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ നേതാവ് ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയെ വിട്ടയയ്ക്കണമെന്നും 500 കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം.
ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നും ഭീഷണിയുണ്ട്. സംഭവത്തിന് പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയും മുംബൈ പൊലീസും ജാഗ്രത നടപടികള്‍ സ്വീകരിച്ചു. ഇ മെയിലിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.
വാങ്കഡെ സ്റ്റേഡിയത്തില്‍ അഞ്ച് ലോകകപ്പ് മാച്ച് നടക്കുന്നതിനാല്‍ മുംബൈ പൊലീസ് സുരക്ഷ ശക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 2014 മുതല്‍ ബിഷ്ണോയി ജയിലിലാണ്. എന്നാല്‍ ജയിലിലിരുന്നും ഇയാള്‍ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പഞ്ചാബി ഗായകന്‍ സിദ്ദു മൂസവാലയെ കൊലപ്പെടുത്തിയതിലുള്‍പ്പെടെ ബിഷ്ണോയിക്ക് പങ്കുണ്ട്. നടന്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്നും ബിഷ്ണോയി ഭീഷണി മുഴക്കിയിട്ടുണ്ട്.