NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അവശ്യ സര്‍വീസിലുള്ള വര്‍ക്കുള്ള പോസ്റ്റല്‍ വോട്ട്; രേഖപ്പെടുത്താന്‍ പ്രത്യേകം കേന്ദ്രങ്ങള്‍

1 min read

ജില്ലയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് ജോലിയില്‍ തുടരേണ്ട ഉദ്യോഗസ്ഥര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് സംവിധാനം. ഇതിനായി അവശ്യസര്‍വീസുകളായി തെരഞ്ഞെടുത്ത വകുപ്പുകളില്‍ ജില്ലാതല നോഡല്‍ ഓഫീസര്‍മാരെ തെരഞ്ഞെടുക്കും.

 

ഈ നോഡല്‍ ഓഫീസര്‍മാര്‍ പോസ്റ്റല്‍ ബാലറ്റ് ചെയ്യേണ്ട ജീവനക്കാര്‍ക്ക് ഫോറം 12 ഡി നല്‍കുകയും തുടര്‍ന്ന് പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ ശേഷം മാര്‍ച്ച് 17 നകം റിട്ടേണിങ് ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യണം.

അപേക്ഷയിലെ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ഒത്തു നോക്കി ശരിയെന്ന് ബോധ്യപ്പെട്ടാല്‍ ബാലറ്റ് ഇഷ്യൂ ചെയ്യും. തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍മാര്‍ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തുന്നതിന് ബന്ധപ്പെട്ട നിയോജകമണ്ഡലത്തില്‍ ഒരു പോസ്റ്റല്‍ വോട്ടിങ് സെന്റര്‍ (പി.വി.സി) സ്ഥാപിക്കും. ഇത്തരത്തില്‍ അപേക്ഷ നല്‍കിയ വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ വോട്ടിങ് കേന്ദ്രത്തില്‍ വന്ന് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇവരുടെ വോട്ടര്‍ പട്ടികയില്‍ പി.ബി. എന്ന് മാര്‍ക്ക് ചെയ്യും.

 

പോസ്റ്റല്‍ ബാലറ്റ് ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് പി.വി.സി.യുടെ മേല്‍വിലാസം, പ്രവൃത്തി ദിവസം, സമയം എന്നിവ സംബന്ധിച്ച് അറിയിപ്പ് എസ്.എം.എസ്, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവ വഴി ലഭ്യമാക്കും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയായിരിക്കും വോട്ട് ചെയ്യാനുള്ള അവസരം. പോസ്റ്റല്‍ വോട്ടിങ് സെന്ററുകള്‍ തുടര്‍ച്ചയായി മൂന്നു ദിവസമാണ് പ്രവര്‍ത്തിക്കുക. തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മുന്‍പെങ്കിലും പോസ്റ്റല്‍ വോട്ടിങ് സെന്ററുകളുടെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കും. ഫോറം 13 എ അറ്റസ്റ്റ് ചെയ്യാന്‍ ഒരു ഗസറ്റഡ് ഓഫീസറെയും ചുമതലപ്പെടുത്തും.

ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഫോറം നമ്പര്‍ 10 ഉപയോഗിച്ച് ഏജന്റുമാരെ നിയമിക്കുന്നതിനും അവസരമുണ്ടാകും. പോസ്റ്റല്‍ വോട്ടിങ് കേന്ദ്രത്തിലെത്തുന്ന വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ ബാലറ്റ് പേപ്പര്‍, ഡിക്ലറേഷന്‍, ചെറിയ കവര്‍, വലിയ കവര്‍ എന്നിവ നല്‍കും. വോട്ടിങ് നടപടികളെക്കുറിച്ച് വോട്ടര്‍മാര്‍ക്ക് പൊതുവായി ബോധവല്‍ക്കരണവും നല്‍കും.

ആരോഗ്യവകുപ്പ്, പൊലീസ്, ഫയര്‍ഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി സര്‍വീസ്, ഫോറസ്റ്റ്, കേന്ദ്രസര്‍വ്വീസ് (ആള്‍ ഇന്ത്യാ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, പോസ്റ്റല്‍ വകുപ്പ്, ഏവിയേഷന്‍) ആംബുലന്‍സ്, പോള്‍ കവറേജിനായി ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നിയോഗിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍, ഏവിയേഷന്‍, ഷിപ്പിങ് തുടങ്ങിയ അവശ്യസര്‍വീസ് ജീവനക്കാര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുണ്ടായിരിക്കുക.

Leave a Reply

Your email address will not be published.