NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ സെപ്റ്റംബര്‍ 23 വരെ പേര് ചേര്‍ക്കാം

1 min read

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് സെപ്റ്റംബര്‍ 23 വരെ അവസരമുണ്ടാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.

കരട് പട്ടിക സെപ്റ്റംബര്‍ എട്ടിനും അന്തിമ പട്ടിക ഒക്ടോബര്‍ 16 നും പ്രസിദ്ധീകരിക്കും. മരണപ്പെട്ടവരെയും താമസം മാറിയവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും.

2020 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടര്‍ പട്ടിക പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ അതിനായി പട്ടിക പുതുക്കിയിരുന്നു.

ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയായ അര്‍ഹതപ്പെട്ടവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും അനര്‍ഹരെ ഒഴിവാക്കുന്നതിനുമാണ് സംക്ഷിപ്ത പുതുക്കല്‍ നടത്തുന്നത്. തദ്ദേശ ഉപതിരഞ്ഞടുപ്പിനും 2025 ലെ പൊതു തിരഞ്ഞൈടുപ്പിനും ആവശ്യമായ ഭേദഗതികളോടെ ഈ പട്ടിക ഉപയോഗിക്കും.

പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്താനും sec.kerala.gov.in സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പേര് ഒഴിവാക്കുന്നതിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. അക്ഷയ കേന്ദ്രം, അംഗീകൃത ജനസേവനകേന്ദ്രം എന്നിവ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം.

941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകളും 87 മുനിസിപ്പാലിറ്റികളിലെ 3113 വാര്‍ഡുകളും ആറ് കോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകളും ഉള്‍പ്പെടെ 19,489 വാര്‍ഡുകളിലെ വോട്ടര്‍ പട്ടികയാണ് പുതുക്കുന്നത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ അതാത് സെക്രട്ടറിമാരും കോര്‍പ്പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍.

ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ തീരുമാനത്തിനെതിരെ ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകം അപ്പീല്‍ നല്‍കാം. തദ്ദേശ വകുപ്പിലെ ജില്ലാ ജോയിന്റ് ഡയറക്ടറാണ് അപ്പീല്‍ അധികാരി.

Leave a Reply

Your email address will not be published.