സർക്കാർ ജീവനക്കാർക്ക് നാലായിരം രൂപ ബോണസ്, ഉത്സവബത്തയായി 2750 രൂപ; പ്രഖ്യാപിച്ച് ധനമന്ത്രി
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. നാലായിരം രൂപയാണ് ബോണസ്. ബോണസ് പരിധിയിലല്ലാത്ത ജീവനക്കാർക്ക് 2750 രൂപ ഉത്സവബത്തയും ലഭിക്കും. ഓണം അഡ്വാൻസായി 20,000 രൂപയാണ് നൽകുക. പാർട്ട് ടൈം-കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6,000 രൂപയാണ്.
പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി വഴി വിരമിച്ചവർക്കും 1000 രൂപ ഉത്സവബത്ത ലഭിക്കും. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവബത്ത ലഭിക്കുമെന്നും കെ എൻ ബാലഗോപാൽ അറിയിച്ചു.
