മാറഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം നിർമാണോദ്ഘാടനം കഴിഞ്ഞിട്ട് 10 മാസം; നവീകരണം തുടങ്ങിയില്ല
എരമംഗലം: നിർമാണോദ്ഘാടനം നടത്തി 10 മാസം കഴിഞ്ഞിട്ടും മാറഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നവീകരണം വൈകുന്നു. കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനും ഒട്ടേറെപ്പേർക്ക് കളിക്കുന്നതിനും വേണ്ടി പഞ്ചായത്ത് കായിക വകുപ്പിന് വിട്ടുകൊടുത്ത സ്റ്റേഡിയത്തിലെ നവീകരണ ജോലികളാണു വൈകിയത്. മാറഞ്ചേരി പരിച്ചകം റോഡിലുള്ള സ്റ്റേഡിയം ഫുട്ബോൾ ടർഫ്, ഓപ്പൺ ജിം എന്നിവ നിർമിക്കുന്നതിനായി 2.5 കോടി രൂപയാണ് കായിക വകുപ്പ് ചെലവ് വകയിരുത്തിയത്.
വേഗത്തിൽ നിർമാണം തുടങ്ങുമെന്ന് ഉദ്ഘാടന സമയത്ത് കായിക മന്ത്രിയും ഉദ്യോഗസ്ഥരും പ്രഖ്യാപിച്ചിരുന്നെങ്കിലും നിർമാണ ജോലികൾ ആരംഭിച്ചിട്ടില്ല സ്റ്റേഡിയത്തിന്റെ കുറവു മൂലം വാടക നൽകിയാണ് പല ക്ലബ്ബുകളും മത്സരങ്ങൾ നടത്തുന്നത് മാറഞ്ചേരിയോടപ്പം ഉദ്ഘാടനം നടത്തിയ വെളിയങ്കോട് ഗവ ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റേഡിയത്തിന്റെ നിർമാണം പകുതി പിന്നിട്ടിരിക്കുകയാണ്. ആദ്യത്തെ പ്ലാനിൽ വ്യത്യാസം വന്നതും ടെൻഡറിൽ മാറ്റം വരുത്തേണ്ടി വരുന്നതതിനാലുമാണ് നിർമാണം വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
