NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പണമല്ല, സാഹസികത മാത്രമാണ് മുതൽമുടക്ക്; സൗജന്യ പര്‍വതാരോഹണ പദ്ധതിയുമായി ഉത്തരാഖണ്ഡ്

 

ഡെറാഡൂൺ: ഇന്ത്യക്കാർക്ക് ഇനി സൗജ്യന്മായി ഉത്തരാഖണ്ഡിലെ പ്രധാന പർവതങ്ങളിലേക്ക് യാത്ര ചെയ്യാം. ഇന്ത്യൻ പൗരന്മാരിൽ നിന്ന് ഈടാക്കിയിരുന്ന ഫീസ് ഒഴിവാക്കാന്‍ ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്തെ സാഹസിക വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

 

നന്ദാദേവി, പഞ്ചചൂലി, ത്രിശൂൽ, മുകുത് പർബത്ത്, ഭാഗീരഥി, ഗംഗോത്രി, സതോപന്ത്, ശിവ്‌ലിംഗ്, ശ്രീകാന്ത, വാസുകി പർബത്ത്, കാമേത്, ഹാത്തി പർബത്ത്, ദുനഗിരി, ചൗഖംബ തുടങ്ങിയ പ്രശസ്തമായ പര്‍വതങ്ങളില്‍ കയറാനുള്ള ഫീസാണ് ഒഴിവാക്കുക. എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവര്‍ ഫീസ് നല്‍കേണ്ടിവരും.

 

നേരത്തെ, ഇന്ത്യൻ പർവതാരോഹകർ യഥാക്രമം 6,500 മീറ്റർ, 6,500-7000 മീറ്റർ, 7001 മീറ്ററിനു മുകളിലുള്ള കൊടുമുടികൾ കയറാൻ 3000 രൂപ, 4000 രൂപ, 6000 രൂപ എന്നിങ്ങനെ ഫീസ് നൽകണമായിരുന്നു. വിദേശ പൗരന്മാർക്ക് ഫീസ് 20,000 രൂപ മുതൽ 40,000 രൂപ വരെയാണ് നൽകേണ്ടത്. സംസ്ഥാന വനംവകുപ്പും ഇന്ത്യന്‍ മൗണ്ടനീയറിങ് ഫൗണ്ടേഷനുമാണ് ഈ ഫീസ് ഈടാക്കുന്നത്.

 

പർവതം കയറുന്നതിന്റെ ഫീസ് മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികള്‍ക്ക് അപേക്ഷകൾ സമർപ്പിക്കുക, സംസ്ഥാന ടൂറിസം വകുപ്പിൽ നിന്ന് മുൻകൂർ അനുമതി വാങ്ങുക തുടങ്ങിയ കാര്യങ്ങൾ പഴയതുപോലെ തന്നെ തുടരേണ്ടതാണ് എന്ന് ടൂറിസം വിഭാഗം മാധ്യമങ്ങളെ അറിയിച്ചു.

 

കൂടുതൽ സാഹസിക വിനോദ സഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, കയാക്കിംഗ്, ട്രക്കിംഗ്, പാരാഗ്ലൈഡിംഗ് തുടങ്ങിയ വിനോദസഞ്ചാരങ്ങളുടെ കേന്ദ്രമാണ് ഉത്തരാഖണ്ഡ്. സൗജന്യ ക്ലൈംബിംഗ് ഓപ്ഷനുകളുള്ളതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാഹസിക സഞ്ചാരികളിൽ നിന്ന് കൂടുതൽ താൽപ്പര്യമുണ്ടാകുമെന്നാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *