താനൂർ ബോട്ടപകടത്തിൽ മരണമടഞ്ഞവർക്ക് മുസ്‌ലിം ലീഗ് കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമാണം ആരംഭിച്ചു.


പരപ്പനങ്ങാടി: താനൂർ ബോട്ട് ദുരന്തത്തിൽ മരണമടഞ്ഞ പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ രണ്ട് കുടുംബങ്ങൾക്ക് സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമാണം ആരംഭിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രവൃത്തി ഉദ്‌ഘാടനം നിർവഹിച്ചു. ഭാര്യയും കുട്ടികളും മരിച്ച സെയ്തലവിക്കും സിറാജിനുമാണ് വീട്. സൈതലവിക്ക് നേരത്തെ വീടിന് തറയിട്ടിരുന്നു. സെയ്തലവിയുടെ വീടിന്റെ കട്ടില വെക്കലും സിറാജിന്റെ വീടിന്റെ ശിലാസ്ഥാപനവുമാണ് തങ്ങൾ നിർവഹിച്ചത്. മുൻമന്ത്രി പി.കെ അബ്ദുറബ്ബ് അധ്യക്ഷനായി. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:പി. എം. എ സലാം, കെ.പി.എ മജീദ് എം.എൽ.എ, മുസ്‌ലിം ലീഗ് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് പി.എസ്.എച്ച് തങ്ങൾ, ബ്രീസ് ഹോൾഡിംഗ്‌സ് ചെയർമാൻ റഷീദലി ബാബു പുളിക്കൽ പ്രസംഗിച്ചു. ജില്ലാ മണ്ഡലം മുനിസിപ്പൽ മുസ്‌ലിം ലീഗ് നേതാക്കൾ സംബന്ധിച്ചു.