സത്യം പുറത്തുവരും, വയറ്റിൽ കത്രികയും വെച്ച് അഞ്ച് വർഷം അനുഭവിച്ചു; ഹർഷിന


കോഴിക്കോട്: വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ എത്ര മൂടി വെക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരുമെന്ന് ഹർഷിന. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് തന്നെയെന്ന സൂചന പുറത്തുവന്നതിന് പിന്നാലെയാണ് ഹർഷിന പ്രതികരിച്ചത്. ഒരുപാട് പ്രയാസങ്ങളെ അതിജീവിച്ചാണ് നീതിക്ക് വേണ്ടി പോരാടുന്നതെന്ന് ഹർഷിന പറഞ്ഞു.
സർക്കാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം വളരെ കുറവാണെന്ന് എല്ലാവർക്കും മനസ്സിലാകും. റിസ്ക് എടുത്താണ് സമരം ചെയ്യുന്നത്. വയറ്റിൽ കത്രികയുമായി അഞ്ച് വർഷമാണ് ദുരിതജീവിതം അനുഭവിച്ചത്. ഡോക്ടർമാർ മനപൂർവ്വം ചെയ്തതാവില്ല. പക്ഷെ ഇത്രയും വലിയ അശ്രദ്ധ കാണിച്ചിട്ടും അത് തിരുത്താൻ അവർ തയ്യാറായില്ലെന്നും പത്ത് മാസത്തോളമാണ് താൻ വീണ്ടും വേദന സഹിച്ചതെന്നും ഹർഷിന പറഞ്ഞു.
ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് തന്നെയെന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വന്നത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന് പൊലീസ് കണ്ടെത്തി എന്നാണ് സൂചന. മെഡിക്കല്‍ കോളജ് എസിപി കെ സുദര്‍ശനായിരുന്നു അന്വേഷണ ചുമതല. എസിപി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. കേസില്‍ തുടര്‍ നടപടികള്‍ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം എന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.