‘തെരെഞ്ഞെടുപ്പ് കാലത്ത് ബിജെപി അജണ്ട സെറ്റ് ചെയ്യുന്നു’; ഏക സിവിൽ കോഡ് എതിർക്കുമെന്ന് മുസ്‌ലിം ലീഗ്


ഏക സിവിൽ കോഡിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് മുസ്‌ലിം ലീഗ്. പ്രധാനമന്ത്രിയുടെ പ്രസ്താവന ദുരൂഹത നിറഞ്ഞതെന്ന് മുസ്‌ലിം ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി. നരേന്ദ്രമോദിയുടെ പ്രസംഗം വർഗീയ അജണ്ട സെറ്റ് ചെയ്യാനുള്ള ശ്രമമാണ്. പ്രധാനമന്ത്രിയുടേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ്.
ഭരണനേട്ടമൊന്നും പറയാനില്ലാത്തതുകൊണ്ടാണ് മോദി ഏക സിവിൽകോഡ് ചർച്ചയാക്കുന്നത്. ഏക സിവിൽ കോഡ് ഇന്ത്യക്ക് യോജിച്ചതല്ലെന്നും ഇത് ഭരണഘടന വിഭാവനം ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യത്യസ്ത ജാതി മത വിഭാഗങ്ങൾക്ക് ഒറ്റ നിയമം എങ്ങനെയാണ് സാധ്യമാകുക എന്ന് അദ്ദേഹം ചോദിച്ചു.
ഏക സിവിൽ കോഡിനെ മുസ്ലീം ലീഗ് ശക്തമായി എതിർക്കും. കർണാടക പാഠം മുന്നിലുണ്ട്. അത് മുന്നിൽ വെച്ച് പ്രതിപക്ഷം നേരിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ ഹിജാബ് ആയിരുന്നു വിഷയം. ഇപ്പോൾ ഏക സിവിൽ കോഡ് വിഷയമാക്കുന്നു. ഇത് വർഗീയ അജണ്ട സെറ്റ് ചെയ്യലാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.