NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മത്സ്യത്തൊഴിലാളി കള്‍ക്കും വള്ളങ്ങള്‍ക്കും സുരക്ഷയൊരുക്കി താനൂര്‍ ഹാര്‍ബര്‍; 85 കോടി രൂപയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍


നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത പുരോഗതിക്ക് വഴിയൊരുക്കുന്ന താനൂര്‍ ഒട്ടുംപുറം കടപ്പുറത്തെ ഹാര്‍ബര്‍ പദ്ധതി പ്രവൃത്തി അന്തിമഘട്ടത്തില്‍. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും കോടികള്‍ വില വരുന്ന വള്ളങ്ങളുടെയും മത്സ്യബന്ധന അനുബന്ധ ഉപകരണങ്ങളുടെയും കരുതലും കണക്കിലെടുത്ത് പുലിമുട്ട് വിപുലീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചു.
ഇതിന് പുറമെ വാര്‍ഫ്, ലേലപ്പുര, റിക്ലമേഷന്‍ ബണ്ട് എന്നിവയും ഒരുക്കി. 740 മീറ്റര്‍ ദൈര്‍ഘ്യമുള്ള വടക്കേ പുലിമുട്ടിനെ 1350 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ തെക്കേ പുലിമുട്ട് വിപുലീകരിച്ചാണ് ശക്തമായ തിരമാലകളെ തടയാന്‍ സൗകര്യമൊരുക്കിയത്.
ഇതോടെ കടല്‍ക്ഷോഭ സമയങ്ങളില്‍ നങ്കൂരമിട്ട മത്സ്യബന്ധന വള്ളങ്ങള്‍ തകരുന്നതും മത്സ്യവുമായി തീരത്തേക്ക് എത്തുന്നതിനിടയില്‍ അപകടങ്ങളുണ്ടാകുന്നതും തടയാനായെന്ന് വി അബ്ദുറഹ്‌മാന്‍ എം.എല്‍.എ പറഞ്ഞു.
മത്സ്യബന്ധന വള്ളങ്ങള്‍ക്ക് ഉള്‍ക്കടലിലേക്ക് പോകാനും മത്സ്യവുമായി സുരക്ഷിതമായി തിരിച്ചെത്താനുമായി ഇരു പുലിമുട്ടുകള്‍ക്കുമിടയില്‍ 120 മീറ്റര്‍ വിസ്തൃതിയുള്ള വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. അതിനാല്‍ ശക്തമായ തിരമാലകളുടെ ആഘാതം തീരപ്രദേശത്തേക്കുണ്ടാകില്ല. പുലിമുട്ട് ദീര്‍ഘിപ്പിച്ചതിനാല്‍ താനൂര്‍ ഒട്ടുംപുറം തീരദേശത്ത് ഏത് കാലാവസ്ഥയിലും ശാന്തമായ സ്ഥിതിയാണിപ്പോള്‍.
കരയോട് ചേര്‍ന്ന കടല്‍ പ്രദേശത്തെ 10 ഏക്കറിലാണ് ഹാര്‍ബറിന്റെ അനുബന്ധ ഘടകങ്ങള്‍. ലേലപ്പുരയുടെ കോണ്‍ക്രീറ്റിങ്  ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 1.86 കോടി രൂപ ചെലവില്‍ 11 മീറ്റര്‍ വീതിയിലുള്ള അപ്രോച്ച് റോഡും ഗേറ്റും ഹാര്‍ബറിലേക്കായി പണിയുന്നുണ്ട്.
നിലവിലെ പ്രവൃത്തികളെല്ലാം ഫെബ്രുവരി 15നകം പൂര്‍ത്തിയാകുമെന്ന്  ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് താനൂര്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.കെ മുഹമ്മദ് കോയ പറഞ്ഞു.

ജലവിതരണ സംവിധാനങ്ങള്‍, ടോയ്ലറ്റ് ബ്ലോക്ക്, ലോക്കര്‍ റൂം, കാന്റീന്‍, ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍, ആഭ്യന്തര റോഡുകള്‍ എന്നിവയും ഹാര്‍ബറിലുണ്ടാകും. ചുറ്റുമതില്‍, ചെറിയ വള്ളങ്ങള്‍ക്കുള്ള ജെട്ടി എന്നിവയും പരിഗണനയിലുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന അനുവദിച്ച 70 കോടി രൂപയും പുലിമുട്ട് വിപുലീകരണത്തിനായി നബാര്‍ഡില്‍ നിന്ന് ലഭിച്ച 15 കോടി രൂപയും വിനിയോഗിച്ചാണ് താനൂരില്‍ ഹാര്‍ബര്‍ പദ്ധതി നടപ്പാക്കിയത്.
താനൂരില്‍ ഹാര്‍ബര്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ പൊന്നാനി മുതല്‍ ചാലിയം വരെയുള്ള മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്കത് വളരെയേറെ ഉപകാരപ്രദമാകും.

Leave a Reply

Your email address will not be published. Required fields are marked *