തീവണ്ടിയിൽ സഹയാത്രികരെ യുവാവ് തീ കൊളുത്തി: ഒമ്പത് പേർക്ക് പൊള്ളലേറ്റു; രണ്ടുപേരുടെ നില ഗുരുതരം
പ്രതീകാത്മക ചിത്രം
എലത്തൂർ (കോഴിക്കോട്): ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ സഹയാത്രികർക്കുനേരെ യുവാവ് പെട്രോളിന് സമാനമായ ഇന്ധനമൊഴിച്ച് തീകൊളുത്തി. സ്ത്രീകൾ ഉൾപ്പെടെ ഒമ്പതുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെനില ഗുരുതരമാണ്. തീകൊളുത്തിയ ആൾ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ കോരപ്പുഴ പാലത്തിൽ തീവണ്ടി പ്രവേശിച്ചപ്പോൾ ‘ഡി-1’ ബോഗിയിലാണ് സംഭവം.
പരിക്കേറ്റ അഞ്ചുപേരെ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലും ഒരാളെ കൊയിലാണ്ടി സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നുപേരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൂർ സ്വദേശി അനിൽകുമാർ (52), ഭാര്യ സുജിഷ, മകൻ അദ്വൈത് (21), കണ്ണൂർ സ്വദേശി റൂബി (52), പ്രിൻസിന്റെ ഭാര്യ അശ്വതി (26) എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അനിൽകുമാറിന്റെയും അദ്വൈതിന്റെയും നിലഗുരുതരമാണ്. തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് (34), തൃശ്ശൂർ സ്വദേശി പ്രിൻസ് (35), കണ്ണൂർ സ്വദേശി പ്രകാശൻ (34) എന്നിവരാണ് സ്വകാര്യാശുപത്രിയിൽ ചികിത്സയിലുള്ളത്.
അടുത്ത ബോഗിയിൽ നിന്നെത്തിയ ആൾ യാതൊരു പ്രകോപനവുമില്ലാതെ തീകൊളുത്തിയെന്നാണ് ദൃക്സാക്ഷിമൊഴി. ഇതോടെ പരിഭ്രാന്തരായ യാത്രക്കാർ മറ്റ് കംപാർട്ട്മെന്റുകളിലേക്ക് ഓടി. ഇതിനിടെ യാത്രക്കാരിലൊരാൾ അപായച്ചങ്ങല വലിച്ച് തീവണ്ടി നിർത്തി. ഒരു സീറ്റ് കത്തിയിട്ടുണ്ട്. പരിക്കേറ്റവരെല്ലാം സീറ്റിൽ ഇരിക്കുന്നവരായിരുന്നു. കോരപ്പുഴയ്ക്ക് മുകളിലുള്ള പാളത്തിൽ തീവണ്ടി നിർത്തിയത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചു.
ചുവപ്പ് കള്ളികളുള്ള ഷർട്ട് ധരിച്ച ആളാണ് തീകൊളുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇയാൾ ടിക്കറ്റെടുക്കാതെയാണ് യാത്രചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് പിടിച്ചിട്ട ട്രെയിൻ രണ്ടുമണിക്കൂറോളം കഴിഞ്ഞാണ് യാത്ര തുടർന്നത്.
