NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചലചിത്ര നടൻ ഇന്നസെന്‍റ് അന്തരിച്ചു.

ഒരിക്കലും മരിക്കാത്ത നൂറുകണക്കിന് കഥാപാത്രങ്ങൾ ബാക്കിയാക്കി വിഖ്യാത നടൻ ഇന്നസെൻ്റ് നിറങ്ങളില്ലാ ലോകത്തേക്ക് യാത്രയായി. അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച രാത്രിയാണ് അന്ത്യം. 75 വയസ്സായിരുന്നു.
രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
മുന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ് ഇന്നസെന്റ്.

നാല് പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിൽ അറുനൂറിലധികം കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട് ഇന്നസെൻ്റ്. തൻ്റേതായ ശരീര ഭാഷയും സ്വതസിദ്ധമായ തൃശ്ശൂർ നാടൻ സംസാര ശൈലിയും കൊണ്ട് അദ്ദേഹം സിനിമ ലോകത്തിൻ്റെ മനം കവർന്നു. സത്യന്‍ അന്തിക്കാട്, ഫാസില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ സിനിമകളിലെ ഇന്നസെന്റിന്റെ കഥാപാത്രങ്ങള്‍ ഏറെ ജനപ്രിയമാണ്. സംവിധായകന്‍ മോഹന്‍ മുഖേനയാണ് സിനിമാരംഗത്തെത്തിയത്. 1972-ല്‍ പുറത്തിറങ്ങിയ നൃത്തശാലയായിരുന്നു ആദ്യചിത്രം. പിന്നീട് ഉര്‍വശി ഭാരതി, ഫുട്ബോള്‍ ചാമ്പ്യന്‍, നെല്ല് തുടങ്ങിയ ചിത്രങ്ങളിൽ ചെറുവേഷങ്ങൾ ചെയ്തു.

പ്രേം നസീറിനെ കാണ്മാനില്ല, കാതോടു കാതോരം, അയനം, രേവതിക്കൊരു പാവക്കുട്ടി, ധീം തരികിട ധോം, നാടോടിക്കാറ്റ്, കടിഞ്ഞൂല്‍ കല്യാണം, മിമിക്‌സ് പരേഡ്, പൂക്കാലം വരവായി, ഉള്ളടക്കം, കനല്‍ക്കാറ്റ്, ഉത്സവമേളം, മക്കള്‍ മാഹാത്മ്യം, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, മണിച്ചിത്രത്താഴ്, മഴവില്‍ക്കാവടി, കിലുക്കം, കാബൂളിവാല, ഗോഡ്ഫാദര്‍, റാംജി റാവു സ്പീക്കിംഗ്, മാന്നാര്‍ മത്തായി സ്പീക്കിംഗ്, ഇഞ്ചക്കാടന്‍ മത്തായി ആൻഡ് സണ്‍സ്, കോട്ടയം കുഞ്ഞച്ചന്‍, ദേവാസുരം, കിലുക്കം, മിഥുനം, നമ്പര്‍ 20 മദ്രാസ് മെയില്‍, ഡോക്ടര്‍ പശുപതി, പൊന്‍മുട്ടയിടുന്ന താറാവ്, മൈ ഡിയര്‍ മുത്തച്ഛന്‍, വിയറ്റ്‌നാം കോളനി, ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, കിഴക്കന്‍ പത്രോസ്, പവിത്രം, പിന്‍ഗാമി, പൈ ബ്രദേഴ്‌സ്, തൂവല്‍കൊട്ടാരം, അഴകിയ രാവണന്‍, ചന്ദ്രലേഖ, അയാള്‍ കഥയെഴുതുകയാണ്, കുടുംബ കോടതി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കാക്കക്കുയില്‍, ചിന്താവിഷ്ടയായ ശ്യാമള, ഹരികൃഷ്ണന്‍സ്, വിസ്മയം, രാവണപ്രഭു, ഹിറ്റ്‌ലര്‍, സ്‌നേഹിതന്‍, മനസ്സിനക്കരെ, കല്യണരാമന്‍, നന്ദനം, വെട്ടം, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വേഷം, തസ്‌കര വീരന്‍, ക്രോണിക്ക് ബാച്ചിലര്‍, തുറുപ്പുഗുലാന്‍, രസതന്ത്രം, പ്രാഞ്ചിയേട്ടന്‍ ആൻഡ് ദ സെയിന്റ്, ഇന്ത്യന്‍ പ്രണയകഥ അങ്ങനെ ഇന്നസെൻ്റ് അനശ്വരമാക്കിയ സിനിമകളും കഥാപാത്രങ്ങളും എണ്ണിയാൽ ഒടുങ്ങില്ല.

 

മാലാമാല്‍ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) എന്നീ അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. സത്യന്‍ അന്തിക്കാടിന്റെ മഴവില്‍ കാവടി എന്ന സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പത്താം നിലയിലെ തീവണ്ടി എന്ന സിനിമയിലെ അഭിനയത്തിന് 2009-ല്‍ കേരള സംസ്ഥാന ക്രിട്ടിക് പുരസ്‌കാരം ലഭിച്ചു.

തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28-ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷണല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്.എന്‍.എച്ച്. സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. എട്ടാം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ചു. തുടർന്ന് സിനിമ മോഹം തലയ്ക്ക് പിടിച്ച് മദ്രാസിലേക്ക് വണ്ടി കയറി.

സ്‌കൂള്‍ പഠന കാലം മുതല്‍ ഇടതുപക്ഷ അനുഭാവിയായിരുന്നു ഇന്നസെന്റ്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഇരിഞ്ഞാലക്കുടയില്‍ മുനിസിപ്പല്‍ കൗണ്‍സിലറായി. 2014 മേയില്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 2019-ല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *