അൻപതോളം കേസുകളിൽ പ്രതിയായ ആൾ വഞ്ചനാ കേസിൽ അറസ്റ്റിൽ


സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി അൻപതോളം കേസുകളിൽ പ്രതിയായ ആൾ വഞ്ചനക്കേസിൽ തിരൂരിൽ അറസ്റ്റിലായി. തിരുനാവായ ചെറുപറമ്പിൽ ഷബീറാണ് (41) അറസ്റ്റിലായത്.
നിരവധി സ്റ്റേഷനുകളിൽ അറസ്റ്റുവാറന്റ് നിലവിലുള്ളയാളാണ് ഷബീറെന്ന് പോലീസ് പറഞ്ഞു. തിരൂരിൽ കഴിഞ്ഞദിവസം രജിസ്റ്റർചെയ്ത വഞ്ചനക്കേസിലാണ് ഇയാൾ അറസ്റ്റിലായത്. വർഷങ്ങൾക്കുമുൻപ് തന്റെ വീടിനോടുചേർന്ന് അനധികൃതമായി മണൽ കടത്തിയതിന് നിരവധികേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർചെയ്തിരുന്നു.
രേഖകളില്ലാതെ ഹരിയാനയിൽനിന്ന് കടത്തിക്കൊണ്ടുവന്ന് ഇയാൾ ഉപയോഗിക്കുകയായിരുന്ന ആഡംബര കാരവാൻ മുൻപ് പോലീസ് പിടികൂടിയിരുന്നു.
എറണാകുളത്ത് ഒളിവിൽ കഴിഞ്ഞുവരവേ തിരൂർ ഡിവൈ.എസ്.പി. കെ.എം. ബിജു, തിരൂർ സി.ഐ. എം.ജെ. ജിജോ എന്നിവരുടെ നേതൃത്വത്തിൽ തിരൂർ ഡാൻസാഫ് സംഘമാണ് ഇയാളെ പിടികൂടിയത്.