NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുഖ്യമന്ത്രിയുടെ വാക്കിന്‌ പുല്ലുവില; നടുറോഡിൽ ഹോംഗാര്‍ഡിന്റെ ഫോട്ടോയെടുക്കൽ,  നാട്ടുകാരുടെ വ്യാപക പ്രതിഷേധം

പരപ്പനങ്ങാടി: തിരക്കേറിയ റോഡിൽ ഗതാഗതം നിയന്ത്രിക്കുന്നതിന് പകരം ഹെല്‍മറ്റ്‌ ധരിക്കാത്ത ബൈക്ക്‌ യാത്രക്കാരെയും മറ്റും ഫോട്ടോ എടുക്കുന്ന തിരക്കിലാണ് പരപ്പനങ്ങാടി പോലിസ് സ്റ്റേഷനിലെ ഹോംഗാർഡുകൾ. സാധാരണ ഗതിയിൽ ഹോംഗാർഡുകളെ നിയമിച്ചിരിക്കുന്നത് ഗതാഗതം നിയന്ത്രിക്കുന്നതിനാണ്. അല്ലാതെ നിയമം ലംഘിക്കുന്ന വാഹന യാത്രക്കാരെ പിടികൂടാനല്ലെന്ന പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.
പാലത്തിങ്ങലിൽ പുതിയപാലം തുറന്നതോടെ അപകടഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരുഭാഗത്തേയും ബസ് സ്റ്റോപ്പുകൾ ജംഗ്‌ഷനിൽ നിന്നും മാറ്റിയതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണത്തിനായാണ് ഹോംഗാർഡുകൾ സ്ഥലത്ത് നിലയുറപ്പിച്ചത്.
ഹോംഗാർഡ് ഫോട്ടോയെടുക്കുന്ന ഈ രീതി ജനങ്ങൾക്ക് ശല്യമായി മാറിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പള്ളിയിൽ നിന്നിറങ്ങുന്നവരെയും റോഡോരത്ത് പാർക്ക് ചെയ്ത വാഹനങ്ങൾ എടുക്കാൻ വരുന്നവരെയും ഉൾപ്പെടെ ഫോട്ടോ എടുക്കുന്നത് പതിവായിട്ടുണ്ട്. ഇത് തർക്കത്തിനും പ്രതിഷേധങ്ങൾക്കും കാരണമാകുന്നു. കഴിഞ്ഞ ദിവസവും ഫോട്ടോ എടുത്തതിന് ഹോംഗാർഡുമായി വാക്കേറ്റമുണ്ടായി.
വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും, പിഴ ഈടാക്കുന്നതിനും സിവിൽ പോലിസ് ഓഫീസർമാർക്കും, ഹോംഗാർഡുകൾക്കും അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാസങ്ങൾക്ക് മുമ്പ് നിയമസഭയിൽ കെ.പി.എ മജീദ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി  അറിയിച്ചിരുന്നു.
ഹോംഗാര്‍ഡുകളെ ഉപയോഗിച്ച്‌ ഫോട്ടോ എടുത്ത് പിഴ ഈടാക്കുന്നതായുള്ള വ്യാപക പരാതിയെ തുടര്‍ന്നാണ്‌ എം.എല്‍.എ നിയമസഭയില്‍ വിഷയം അവതരിപ്പിച്ചത്‌.
ഹോംഗാർഡുകളും, സിവിൽ പൊലിസ് ഉദ്യോഗസ്ഥരും വാഹന പരിശോധനയുടെ പേരിൽ ജനങ്ങളെ പ്രയാസപ്പെടുത്തുന്നു എന്ന പൊതുജനങ്ങളുടെ പരാതി വ്യാപകമാണ്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് വാഹന പരിശോധന നടത്തുന്ന ഹോം ഗാർഡുകൾക്കെതിരെ നടപടികൾ സ്വീകരിക്കുമോ എന്നും, ഇത്തരത്തിൽ നടത്തുന്ന വാഹന പരിശോധനകൾക്കെതിരെ സഹകരിക്കാത്തവർക്കെതിരെ കേസുടുക്കാൻ സർക്കാർ നിർദ്ദേശമുണ്ടോ എന്ന ചോദ്യത്തിന്, അത്തരം പരിശോധനക്ക് അധികാരമോ, അനുമതിയോ നൽകാത്തതിനാൽ അത്തരം നിർദ്ദേശങ്ങൾ സർക്കാർ നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.
എന്നാൽ സംശയാസ്‌പ്രദമായ നിലയിൽ കാണപ്പെടുന്ന വാഹനങ്ങൾ നിയമാനുസൃതം പരിശോധിക്കുന്നതിന് സംസ്ഥാന പോലിസിലെ യൂനിഫോമിലുള്ള എല്ലാപൊലിസ് ഉദ്യോഗസ്ഥർക്കും അധികാരമുണ്ടെന്നും, എന്നാൽ ഹോം ഗാർഡുകൾകൾക്ക് വാഹന പരിശോധന നടത്തുന്നതിനോ, പിഴ ഈടാക്കുന്നതിനോ അനുമതിയോ, അധികാരമോ ഇല്ലെന്നും, ഹോം ഗാർഡുകൾ വാഹന പരിശോധന നടത്തുന്നുണ്ടെങ്കിൽ അത് നിയമാനുസൃതമല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ ഈ നിർദേശങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ഹോംഗാർഡുകൾ ഫോട്ടോ എടുക്കലും മറ്റും തുടരുന്നത്. റോഡിലെ നിയമലംഘനങ്ങള്‍ തടയാന്‍ മോട്ടോര്‍വാഹന വകുപ്പും ഉത്തരവാദപ്പെട്ട പോലിസ് ഉദ്യോഗസ്ഥരും ഉണ്ടെന്നിരിക്കെ ഹോംഗാര്‍ഡുകളെ ഉപയോഗിച്ച്‌ പിഴ ഈടാക്കുന്നത്‌ നിർത്തണമെന്നും ഈ ഹോംഗാർഡിന്റെ ഫോട്ടോഎടുക്കൽ അവസാനിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
 അതേസമയം ഹോംഗാർഡുകൾ വാഹനങ്ങൾ തടഞ്ഞ് നിർത്തിയോ രേഖകൾ പരിശോധിക്കുകയോ പിഴ ഈടാക്കുകയോ ചെയ്യുന്നില്ലെന്നും ശ്രദ്ധയിൽപ്പെടുന്ന നിയമലംഘനങ്ങൾ ഫോട്ടോ എടുത്ത് സ്റ്റേഷനിലേക്ക് അയക്കുകയാണ് ചെയ്യുന്നതെന്നും പരപ്പനങ്ങാടി സി.ഐ.പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed