ചെമ്മാട് മിനിസിവിൽ സ്റ്റേഷനിലെ ശൗചാലയത്തിന് പൂട്ടിട്ട് ഉദ്യോഗസ്ഥർ ; ഉപയോഗിക്കാനാവാതെ ജനങ്ങൾ
തിരൂരങ്ങാടി: ചെമ്മാട് മിനിസിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിലെ ശൗചാലയത്തിന് പൂട്ടിട്ട് ഉദ്യോഗസ്ഥർ. മൂന്നാം നിലയിലുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഓഫീസിന്റെയും ലേബർ ഓഫീസിന്റെയും അടുത്തുള്ള ശൗചാലയത്തിനാണ് ഉദ്യോഗസ്ഥർ പൂട്ടിട്ടത്.
ദിവസം സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് വിവിധ ആവശ്യങ്ങൾക്കായി ഈ ഓഫീസുകളിൽ എത്തുന്നത്. മാസങ്ങളായി ഉദ്യോഗസ്ഥർ തന്നെ ഇത് പൂട്ടിയിട്ട് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാതെ സ്വന്തം ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിച്ചിരുന്നത്. തുടർന്ന് പ്രതിഷേധത്തെ തുടർന്ന് തുറന്നുകൊടുത്തിരുന്ന ശൗചാലയമാണ് വീണ്ടും അടച്ചുപൂട്ടിയത്.
പൊതുശൗചാലയം പൂട്ടിയതോടെ വിവിധ സേവനങ്ങൾക്കായി ഓഫീസിൽ എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഉപയോഗിക്കാനാവാതെ പ്രയാസപ്പെടുന്നതായും വ്യാപക പരാതിയുണ്ട്. പൂട്ടിയ ശൗചാലയം ഓഫീസിലെത്തുന്നവർക്ക് കൂടി ഉപയോഗിക്കാവുന്ന തരത്തിൽ തുറന്നിടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
