ഉത്സവത്തിന് കരിങ്കാളി വേഷമിട്ടയാൾക്ക് വിളക്കിൽനിന്ന് തീ പടർന്നു ഗുരുതരമായി പൊള്ളലേറ്റു


എടപ്പാൾ: വീട്ടിൽനിന്ന് ഉത്സവത്തിന് വഴിപാടായി കരിങ്കാളി വേഷമിട്ട് പുറപ്പെടാനിരുന്നയാളുടെ വസ്ത്രത്തിന് തീപിടിച്ചു ഗുരുതരമായി പൊള്ളലേറ്റു. ചങ്ങരംകുളം മൂക്കുതല കണ്ണേങ്കാവ് ഉത്സവത്തിനു പുറപ്പെട്ട തൃത്താല കോട്ടപ്പാടം സ്വദേശി വാസു(50) വാണ് തൃശ്ശൂർ മെഡിക്കൽകോളേജിലെ അത്യാസന്നവിഭാഗത്തിൽ ചികിത്സയിലുള്ളത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം.നരണിപ്പുഴയിലെ ഒരു വീട്ടിൽനിന്ന് മൂക്കുതല ഉത്സവത്തിന് മൂന്നു കരിങ്കാളികളെ എത്തിക്കാമെന്ന് വഴിപാടുണ്ടായിരുന്നു. ഒരുമണിയോടെ കരിങ്കാളി കലാകാരൻമാർ വേഷംകെട്ടി പൂജകളാരംഭിച്ചു. വീടിന്റെ മുറ്റത്ത് കത്തിച്ചുവെച്ച മൂന്നു നിലവിളക്കിനും കളത്തിനും ചുറ്റും നൃത്തച്ചുവടുവെച്ച് കളിച്ചശേഷം അനുഗ്രഹം വാങ്ങി പുറപ്പെടാനായി കുനിഞ്ഞപ്പോഴാണ് അപകടമുണ്ടായത്.
ഉണങ്ങിയ കൈതഓലനൂലുകൊണ്ടുണ്ടാക്കി കൈയിൽ തൂക്കിയ വഞ്ചിയിലേക്ക് തീപടർന്നു. നിമിഷനേരംകൊണ്ട് കരിങ്കാളി വേഷമിട്ടയാളുടെ ദേഹത്തേക്ക് തീപടർന്നു. ചുറ്റിലും നിന്നവരും കരിങ്കാളി വേഷമിട്ട മറ്റുരണ്ടുപേരും ചേർന്ന് തീയണച്ച് അടുത്തുള്ള സ്വകാര്യാശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽകോളേജിലേക്കും മാറ്റുകയായിരുന്നു. വീടുകളിലെ ദോഷം മാറാനും ഐശ്വര്യമുണ്ടാകാനുമെല്ലാമായി മേഖലയിലെ വീട്ടുകാരെല്ലാവരും പതിറ്റാണ്ടുകളായി അനുഷ്ഠിക്കുന്ന വഴിപാടാണ് കരിങ്കാളി വഴിപാട്.
കോവിഡ് മൂലം മുൻവർഷങ്ങളിൽ കാര്യമായി ഈ വഴിപാട് നടന്നിരുന്നില്ല. ഇത്തവണ ആയിരക്കണക്കിന് കരിങ്കാളികളാണ് ക്ഷേത്രത്തിലെത്തിയത്. കരിങ്കാളി വേഷമിട്ട ഒരാൾ കഴിഞ്ഞദിവസം കുഴഞ്ഞുവീണ് മരിച്ച സംഭവവുമുണ്ടായി.