കെ.എൻ.എം മർകസുദഅവ ജില്ലാ സർഗോത്സവ് പരപ്പനങ്ങാടിയിൽ
പരപ്പനങ്ങാടി: കെ.എൻ.എം മർകസുദഅവ മലപ്പുറം വെസ്റ്റ് ജില്ലാ സർഗോത്സവ് ശനി, ഞായർ ദിവസങ്ങളിൽ പരപ്പനങ്ങാടി പി.ഇ.എം സ്കൂളിൽ വെച്ചു നടക്കും. കെ.എൻ.എം മർകസുദഅവ സംസ്ഥാന പ്രസിഡൻറ് ഡോ. ഇകെ അഹമ്മദ് കുട്ടി സർഗോത്സവ് ഉദ്ഘാടനം ചെയ്യും. ജില്ല സ്വാഗത സംഘം ചെയർമാൻ അബ്ദുൽ കരീം എഞ്ചിനീയർ അധ്യക്ഷത വഹിക്കും.
കൺവീനർ ഷാനവാസ് പറവന്നൂർ, അബ്ദുൽ മജീദ് കന്നാടൻ, ആബിദ് മദനി എന്നിവർ പ്രസംഗിക്കും. സമ്മാനദാനം ബാല സാഹിത്യകാരൻ റഷീദ് പരപ്പനങ്ങാടി നിർവ്വഹിക്കും. സർഗോത്സവിൽ ആയിരത്തോളം പ്രതിഭകൾ പങ്കെടുക്കും. ശനിയാഴ്ച സ്റ്റേജിതര എഴുത്തു മത്സരങ്ങളും ഞായറാഴ്ച സ്റ്റേജ് മത്സരങ്ങളും നടക്കും.
ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിൽ നിന്നും ഒന്നാം സ്ഥാനം നേടിയവരാണ് വിവിധ വിഭാഗങ്ങളിലായി മത്സരത്തിൽ പങ്കെടുക്കുന്നത്. ജില്ലാതല വിജയികൾ ഫെബ്രുവരിയിൽ നടക്കുന്ന സംസ്ഥാന സർഗോത്സവിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ചിൽഡ്രൻ, സബ്ജൂനിയർ, ജൂനീയർ, ടീൻസ് എന്നീ വിഭാഗങ്ങളിലായി 55 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഇ.ഒ. ഫൈസൽ,സി.വി. അബ്ദുൽ ലത്തീഫ്, ഹാമിദ് സനീൻ, റസാഖ് താനൂർ, ടി. അസ്ഹർ എന്നിവർ പങ്കെടുത്തു.
