ജർമനിയിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്: പ്രതി അറസ്റ്റിൽ
1 min read
പഞ്ചാബിൽ രണ്ടാഴ്ചയിലധികം നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. നവംബർ 24-നായിരുന്നു കേസിനാസ്പദമായ സംഭവം. എടപ്പാൾ പെരുമ്പറമ്പ് തെക്കേപുറത്തേയിൽ അരവിന്ദൻ (65), മകൻ രാഹുൽ (26), തിരുവനന്തപുരം സ്വദേശികളായ അഭിലാഷ് (33), ഭാര്യ അബിത (27), ഒരു വയസ്സുള്ള മകൾ എന്നിവരെയാണ് ഇയാൾ ഹോട്ടൽ മുറിയിൽവെച്ച് ജ്യൂസിൽ മയക്കുമരുന്നുനൽകി മയക്കിയത്. അതിനുശേഷം എ.ടി.എം. കാർഡ് കൈക്കലാക്കി അഞ്ചുലക്ഷത്തോളം രൂപ തട്ടിയെടുത്തൂവെന്നാണ് കേസ്. ജർമനിയിൽ ജോലി വാഗ്ദാനംചെയ്താണ് മീററ്റിലെത്തിച്ചത്.
തട്ടിപ്പിനുശേഷം അതുവരെ ഉപയോഗിച്ച സിംകാർഡ് ഹോട്ടലിൽ പൊട്ടിച്ചുകളഞ്ഞ് പുതിയ നമ്പറുപയോഗിക്കാൻ തുടങ്ങിയ പ്രതിയെ പോലീസ് ഏറെ പരിശ്രമിച്ചാണ് കണ്ടെത്തിയത്.
നിരീക്ഷണ ക്യാമറകളിൽനിന്ന് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. സലാപൂരിലുള്ള ഒരു ടാക്സി ഡ്രൈവറെ ഇയാൾ വിളിച്ചതായും കണ്ടെത്തി. തുടർന്ന് പോലീസ് അവിടെയെത്തി. അയാളിൽനിന്ന് ഘർഗൗഡ എന്ന സ്ഥലത്ത് പ്രതിയുമായി ബന്ധമുള്ള ഒരുയുവതിയെക്കുറിച്ച് വിവരംലഭിച്ചു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി വേറെയും തട്ടിപ്പുകൾ നടത്തിയതായി മനസ്സിലാക്കി.
പ്രധാനമന്ത്രിയുടെ പേരിലുള്ള വിവിധ ക്ഷേമപദ്ധതികളിൽനിന്നുള്ള ആനുകൂല്യങ്ങൾക്കെന്നപേരിൽ പലരിൽനിന്ന് തട്ടിയെടുത്ത പണം യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ ഇയാൾ നിക്ഷേപിച്ചിരുന്നു. രണ്ടു തവണ 40,000 രൂപ വീതം യുവതിക്ക് പ്രതിഫലവും നൽകി. പിന്നീട് അക്കൗണ്ട് റദ്ദാക്കി.
യുവതിയിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് ലുധിയാന, കുരുക്ഷേത്ര എന്നിവിടങ്ങളിലെത്തിയ പോലീസ് അവിടെയും ഇത്തരത്തിൽ ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തതായി കണ്ടെത്തി. രണ്ടു സംഘങ്ങൾ രൂപവത്കരിച്ച് ലുധിയാനയിലും കുരുക്ഷേത്രയിലും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലുധിയാനയിൽ പ്രതി വലയിലായത്.
പ്രതിയെ എടപ്പാളിലെ രാഹുലിന് വീഡിയോ കോളിലൂടെ പോലീസ് കാണിച്ചു കൊടുത്ത് ഉറപ്പാക്കിയശേഷം അറസ്റ്റുചെയ്തു. കൂട്ടാളികൾ ഉണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.