തലശേരിയില്‍ ചവിട്ടേറ്റ കുട്ടിയുടെ തലക്ക് മറ്റൊരാളും അടിച്ചു


തലശേരിയില്‍ ചവിട്ടേറ്റ രാജസ്ഥാന്‍ സ്വദേശി ആറു വയസുകാരന്‍ ഗണേഷിനെ വഴിയെപോകുന്ന മറ്റൊരാളും തലക്കടിക്കുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടി കാറിന്റെ അകത്തേക്ക് കൈ കടത്തി എന്തോ ചെയ്യുന്നവേളയിലാണ് വഴിപോക്കൻ കുട്ടി പിടിച്ചുവലിച്ച് തലക്കടിക്കുന്നത്. കുട്ടിയെ ക്രൂരമായി ചവിട്ടി തെറിപ്പിക്കുന്നതിന് മുൻപാണ് ഇത്തരത്തില്‍ വഴിപോക്കനായ ഒരാള്‍ കുട്ടിയെ അടിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് മറ്റൊരാള്‍ കൂടി മര്‍ദ്ദിച്ചതായി വ്യക്തമായത് ഇയാളെ തലശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .
പോലീസ് എഫ്.ഐ.ആറില്‍, ശിഹാദ് കുട്ടിയുടെ തലയില്‍ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ ചവിട്ടേല്‍ക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മറ്റൊരാളും മര്‍ദിച്ചതായി കണ്ടത്.
അതേസമയം കുട്ടിയെ ചവിട്ടിയ സംഭവത്തില്‍ കാറിലുണ്ടായിരുന്ന സ്ത്രീയും കുട്ടികളും പ്രതികരണവുമായി രംഗത്ത് വന്നു .തന്റെ മകന്‍ മുമ്പിലും, രണ്ട് കുട്ടികളോടൊപ്പം താന്‍ പിന്‍സീറ്റിലുമാണ് ഇരുന്നിരുന്നതെന്ന് പ്രതിയായ ശിഹാദിന്റെ മാതാവ് പറഞ്ഞു. രാത്രി എട്ടര ആയിട്ടുണ്ടാകും, കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ടിരുന്നു. പെട്ടെന്ന് പുറത്ത് നിന്ന് ഒരു മുഖം അകത്തേക്ക് വന്നുവെന്നും, തങ്ങള്‍ ഭയന്നു പോയെന്നും ഇവര്‍ പറയുന്നു.
ആറുവയസുകാരന്‍ വണ്ടിയിലുണ്ടായിരുന്ന ചെറിയ കുട്ടിയെ കടിക്കാന്‍ ശ്രമിച്ചെന്നും പേടിച്ച് മാറിയിരുന്നപ്പോള്‍, മറുവശത്ത് വന്ന് മറ്റൊരു കുട്ടിയെ അടിക്കാന്‍ വന്നുവെന്നും ഇവര്‍പറഞ്ഞു.. കുട്ടി പേടിച്ച് മാറിയത് കൊണ്ട് അടി കൊണ്ടില്ല. ഈ സമയമാണ് റോഡിലൂടെ പോയ ഒരാള്‍ കുട്ടിയെ പിടിച്ചു മാറ്റിയത്. ഗ്ലാസ് കയറ്റിയിട്ടതോടെ കുട്ടി വന്ന് ഗ്ലാസില്‍ തട്ടുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു.