വ്യാജ പേരും മേൽവിലാസവും; കൊല്ലപ്പെട്ട യുവതിയേയും കാണാതായ ഭർത്താവിനേയും തിരിച്ചറിയാനാകാതെ പൊലീസ്


വീട്ടിനുള്ളില്‍ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കൊച്ചി ഇളംകുളത്താണ് കഴിഞ്ഞ ദിവസം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് എന്ന് കരുതപ്പെടുന്നയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ദമ്പതികളെന്ന് പറഞ്ഞാണ് ഇരുവരും ഇളംകുളത്ത് വീട് വാടകയ്ക്ക് എടുത്തിരുന്നത്. ആസാം സ്വദേശികളാണെന്ന പേരിലാണ് ഇരുവരും താമസിച്ചിരുന്നത്. റാം ബഹദൂർ, ലക്ഷ്മി എന്നീ പേരുകളാണ് ഇവർ വീട്ടുകാരോട് പറഞ്ഞത്. എന്നാൽ വാടക രേഖയിൽ നൽകിയ പേരും അഡ്രസും തെറ്റാണെന്നാണ് പൊലീസ് കണ്ടെത്തൽ. തിരിച്ചറിയൽ കാർഡും നൽകിയിരുന്നില്ല.
കൊല്ലപ്പെട്ട യുവതി നേപ്പാൾ സ്വദേശിയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഭർത്താവെന്ന് കരുതപ്പെടുന്ന യുവാവിനെ കേന്ദ്രീകരിച്ചാണ് നിലവിൽ പൊലീസ് അന്വേഷണം നടത്തുന്നത്. ഇയാളെ കുറിച്ചുള്ള വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചാണ് പൊലീസ് കഴിഞ്ഞ ദിവസം വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്.
വീടിന്റെ ഒരുഭാഗം മാത്രം വാടകയ്‌ക്കെടുത്ത് ദമ്പതികളെന്ന രീതിയിലാണ് ഇവര്‍ താമസിച്ചത്. രണ്ടുപേരും തമ്മില്‍ പലപ്പോഴും വഴക്കുണ്ടാവാറുള്ളതായും വീട്ടുകാര്‍ പറയുന്നു. കുറച്ച് ദിവസമായി ഇവരെ പുറത്ത് കാണാറില്ലെന്നും വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.