സാനിറ്റൈസര്‍ എന്ന പേരില്‍ സൂക്ഷിച്ചത് 1,750 ലിറ്റര്‍ ചാരായം; ഏഴ് പേര്‍ പിടിയില്‍
സാനിറ്റൈസറെന്നപേരില്‍ സൂക്ഷിച്ച 1,750 ലിറ്റര്‍ ചാരായം എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. മുത്തനംപാളയം ഗ്രാമത്തിലെ മുണ്ടൂര്‍ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍നിന്നാണ് ചാരായം പിടിച്ചെടുത്തത്. സംഭവത്തില്‍ ഏഴുപേരെ അറസ്റ്റുചെയ്തു.
എസ്. ഗുണശേഖരന്‍ (29), എ. വിജയ് (25), എ. വിഘ്നേഷ് (26), സി. സതീഷ് (28), കെ. ജയരാജ് (28), പി. സുലൈമാന്‍ (26), ജി. മനോജ് (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ഗുണശേഖരന്‍ തിരുപ്പൂര്‍ സ്വദേശിയാണ്. ബാക്കിയുള്ള പ്രതികള്‍ ചെന്നൈയുടെ വിവിധഭാഗങ്ങളില്‍നിന്നുള്ളവരാണ്.
ചെറിയ കുപ്പികളിലും ക്യാനുകളിലും ചാരായം നിറച്ച് സാനിറ്റൈസര്‍ എന്നലേബല്‍ ഒട്ടിച്ച് ഇവര്‍ വില്‍പ്പന നടത്തി വരികയായിരുന്നു. ഇവരില്‍നിന്ന് ചാരായം ശേഖരിക്കുന്നതിനും വില്‍ക്കുന്നതിനും ഉപയോഗിച്ച ഒരുട്രക്കും രണ്ട് കാറുകളും പിടിച്ചെടുത്തു. ഇവരുടെ സഹായികളായ രണ്ടുപേര്‍ ഒളിവിലാണെന്നാണ് വിവരം.
