NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ ബസ് സ്റ്റാൻഡ് യാഥാർത്ഥ്യത്തിലേക്ക് ; ഡി.പി.ആറിന് ടെൻഡർ ക്ഷണിച്ചു.

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായ അത്യാധുനിക രീതിയിലുള്ള ബസ് സ്റ്റാൻഡ് നിർമാണത്തിന് വേണ്ടിയുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തെയ്യാറാകുന്നതിന് ടെൻഡർ ക്ഷണിച്ചു. നേരത്തെ നഗരസഭ ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയിരുന്നു. പരപ്പനങ്ങാടി നഗരസഭ ഓഫീസ് കോംപ്ലക്സിന് പിൻവശത്ത് സ്ഥിതി ചെയ്യുന്ന മത്സ്യമാർക്കറ്റ് ഉൾപ്പെടുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാണ് പുതിയ ബസ് സ്റ്റാൻഡ് പണിയുന്നതിന് പ്ലാൻ തെയ്യാറാക്കിയിട്ടുള്ളതെന്ന് ചെയർമാൻ എ ഉസ്മാൻ പറഞ്ഞു.

 

മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, കൊണ്ടോട്ടി, കോട്ടക്കൽ എന്നീ മേഖലയിലേക്കുള്ള ബസ്സുകൾ പാർക്കുചെയ്യുതിന് അര നൂറ്റാണ്ടിലേറെ പഴക്കമുള്ള പരിമിതികളിൽ പൊറുതിമുട്ടുന്ന ഒരു ബസ് സ്റ്റാൻഡ് മാത്രമാണ് നഗരസഭയിൽ ആകെ ഉണ്ടായിരുന്നത്. റെയിലിന് കിഴക്ക് ഭാഗത്തുള്ള ഈ സ്റ്റാൻഡ് മാസങ്ങൾക്ക്‌ മുൻപാണ് നവീകരിച്ച് ഒരു പരിധിവരെ യാത്രക്കാരുടെ പ്രായാസം നീക്കിയത്. എന്നാൽ മറ്റു സ്ഥലങ്ങളിലേക്ക് നിരവധി യാത്രാ സൗകര്യമുള്ള പരപ്പനങ്ങാടിയിൽ കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ ദിവസവും നൂറ്റിയമ്പതിലധികം ബസുകൾ വന്നു പോകുന്നുണ്ട്.

 

ഇത്രയും ബസുകളെ ഉൾക്കൊള്ളാൻ ഈ സ്റ്റാൻഡിന് സാധ്യമല്ല. താനൂർ, തിരൂർ, ചമ്രവട്ടം ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്കായി നഗരസഭ ഓഫീസിനു മുന്നിലെ നടപ്പാതക്ക് മീതെ പണിത ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രമാണ് യാത്രക്കാരുടെ ഏക ആശ്രയം. ഏറെ യാത്രക്കാരുള്ള മെഡിക്കൽ കോളേജ്,  കാലിക്കറ്റ് സർവകലാശാല, ചാലിയം തുറമുഖം എന്നീ ഭാഗങ്ങളിലേക്കുളള യാത്രക്കാർ  നടുറോഡിലാണ് ബസ്സുകൾ കാത്തു നിൽക്കുന്നത്. ഇത് പരിഹരിക്കാൻ ഈ ഭാഗങ്ങളിലെ ബസുകൾക്കായി പുതിയ സ്റ്റാൻഡ് അത്യാവശ്യമാണ്.

 

ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുകയാണ് നഗരസഭ. കഴിഞ്ഞ ഭരണ സമിതിയും നേരത്തേ  ഗ്രാമപഞ്ചായത്തും സ്വന്തമായി ബസ് സ്റ്റാൻഡ് പണിയാൻ വിവിധ പദ്ധതികൾ മുന്നോട്ടു വെച്ചിരുന്നങ്കിലും അത് വിവിധ കാരണങ്ങളാൽ മുടങ്ങുകയായിരുന്നു.പദ്ധതി ഉടൻ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പരപ്പനങ്ങാടിക്കാർ.

Leave a Reply

Your email address will not be published. Required fields are marked *