NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിഴിഞ്ഞം സമരവേദിയിലേക്ക് രാഹുല്‍ഗാന്ധിയെ എത്തിക്കാനുള്ള നീക്കം പാളി, സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപതാ തിരുമാനം

വിഴിഞ്ഞം സമര വേദിയിലേക്ക് രാഹുല്‍ഗാന്ധിയെക്കൊണ്ടുവരാനുള്ള ലത്തീന്‍ അതിരൂപതാ നീക്കം പാളി. ഭാരത് ജോഡോ യാത്രയുമായി തിരുവനന്തപുരത്തുള്ള രാഹുല്‍ ഗാന്ധിയെ വിഴിഞ്ഞത്തെത്തിക്കാനായിരുന്നു ശ്രമം. ഇതിനായി ഫാ. യൂജിന്‍ പെരേര വി ഡി സതീശനെയും കെ സുധാകരനെയും കണ്ടിരുന്നു. എന്നാല്‍ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന രാഹുല്‍ഗാന്ധിയെ സമരമുഖത്തേക്ക് കൊണ്ടുവരുന്നത് ശരിയല്ലന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്.

അതേ സമയം വിഴിഞ്ഞം സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത തിരുമാനിച്ചിരിക്കുകയാണ് . ഇതുമായി ബന്ധപ്പെട്ട് അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു. പതിനാലിന് ആരംഭിക്കുന്ന ബഹുജനസമരത്തിന് വിവിധ സംഘടനകളെയും ജനങ്ങളെയും പങ്കാളികളാക്കണം. നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഉറപ്പുകളൊന്നും ലഭിക്കുന്നില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലാത്ത് ലത്തീന്‍ അതിരൂപത. ഇന്ന് കുര്‍ബാനയ്ക്കിടെയാണ് ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ വായിച്ചത്. സംസ്ഥാന വ്യാപകമായി സമരം ചെയ്യാനുള്ള തീരുമാനത്തിന്റെ ഭാഗമായി ബുധനാഴ്ച മൂലമ്പള്ളിയില്‍ നിന്ന് വാഹനജാഥ ആരംഭിച്ചിരുന്നു. ഇത് ഇന്ന് തിരുവനന്തപുരത്തെത്തും. ജാഥയില്‍ എല്ലാ ഇടവകക്കാരും പങ്കെടുക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

 

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ഒരു മാസത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമരം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനം ലത്തീന്‍ അതിരൂപത എടുത്തിരിക്കുന്നത്. സമരം കടുപ്പിച്ച് മുമ്പോട്ട് കൊണ്ടു പോകാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം.

Leave a Reply

Your email address will not be published.