പരപ്പനങ്ങാടി നഗരസഭയിൽ സാമ്പത്തിക ക്രമക്കേട്: വരുമാനം ഉദ്യോഗസ്ഥർ തിരിമറി നടത്തിയതായി ഓഡിറ്റ് റിപ്പോർട്ട്.
1 min read

പരപ്പനങ്ങാടി നഗരസഭയിൽ വാർഷിക കണക്കെടുപ്പ് ധനകാര്യപത്രിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി ഓഡിറ്റ് റിപ്പോർട്ട്.
നഗരസഭയുടെ ബാങ്ക് സ്റ്റേറ്റ്മെൻ്റ്, ക്യാഷ് ബുക്ക് എന്നിവ പരിശോധിച്ചതിലാണ് സാമ്പത്തിക തിരിമറി കണ്ടെത്തിയിട്ടുള്ളത്.
നഗരസഭയിൽ ദൈനംദിനം പൊതുജനങ്ങളിൽ നിന്നും സ്വീകരിക്കുന്ന കെട്ടിടനികുതി, മറ്റു സേവന നികുതികൾ എന്നിവ അതാത് ദിവസംതന്നെ ബാങ്കിൽ നഗരസഭയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാതെ ഉദ്യോഗ്സ്ഥർ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്നാണ് വിവരം.
2021- 22 സാമ്പത്തിക വർഷത്തിലാണ് തിരിമറികൾ നടന്നിട്ടുള്ളത്. ഈ കാലയളവിൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന നിലവിലെ ജൂനിയർ സൂപ്രണ്ട്, ഓഫീസ് അസിസ്റ്റൻറ് എന്നിവരുടെ നേതൃത്വത്തിലാണ് സാമ്പത്തിക ക്രമക്കേട് നടത്തിയതായി തെളിഞ്ഞിട്ടുള്ളത്.
പി.എം.എ.വൈ പദ്ധതിയുടെ പേരിൽ ഗുണഭോക്താക്കളിൽ നിന്ന് വിവിധ ഗഡുക്കൾ അനുവദിക്കുന്നതിന് പണം വാങ്ങിയതിന് നേരത്തെ ആക്ഷേപം നേരിട്ടിട്ടുള്ള വ്യക്തിയാണ് നിലവിലെ ജൂനിയർ സൂപ്രണ്ട്.
അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനായി നാളെ (ചൊവ്വ) നഗരസഭയുടെ അടിയന്തര കൗൺസിൽ മീറ്റിംഗ് ചേരുന്നുണ്ട്.