‘ഹെഡ്മാസ്റ്റർ ഇനി വൈസ് പ്രിൻസിപ്പൽ; മലയാള പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉൾപ്പെടുത്തും’ : വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി


തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരാകും ഇനി മേധാവിയെന്നും ഹെഡ്മാസ്റ്റര് പദവി ഉണ്ടാകില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി.
ഹെഡ്മാസ്റ്റര് മാര്‍ക്ക് പകരം വൈസ് പ്രിന്‍സിപ്പല്‍ പദവി ആയിരിക്കും ഉണ്ടാകുക. മലയാളം പാഠപുസ്തകത്തില്‍ അക്ഷരമാല ഉള്‍പ്പെടുത്തുമെന്നും സംസ്ഥാന സ്കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട്ട് വെച്ച് നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്കൂളിലെ സ്ഥാപനമേധാവിയായി മാറിയ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാളിന്റെ തൊഴില്‍ഭാരം ലഘൂകരിക്കുന്നതിനായി അവരുടെ അധ്യയനം 8 പിരീഡ് ആയി നിജപ്പെടുത്തുകയും അധികം പിരീഡുകള്‍ കൈകാര്യം ചെയ്യുന്നതിന് ദിവസവേതനത്തില്‍ അധ്യാപകരെ നിയോഗിക്കുന്നതിന് അനുമതി
നല്‍കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.
ഏകോപനം പൂര്‍ണ്ണതയില്‍ എത്തിക്കുന്നതിനുള്ള സ്പെഷ്യല്‍ റൂള്‍ അടക്കം വികസിപ്പിക്കുന്നതിന് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ഏകീകരണത്തിനായി ഒരു കോര്‍ കമ്മിറ്റിയെ സി-മാറ്റ് കേരളയുമായി അറ്റാച്ച് ചെയ്ത് രൂപീകരിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം സമര്‍പ്പിക്കപ്പെട്ടാല്‍ ഉടനെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അക്ഷരമാല പാഠപുസ്തകത്തില്‍
2022-23 അദ്ധ്യയനവര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്ന മലയാള പാഠപുസ്തകങ്ങളില്‍ അക്ഷരമാല നല്‍കും. ഒന്നാം ക്ലാസിലെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉള്‍പ്പെടുത്തും.
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ് അംഗീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശക സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള അക്ഷരമാലയാണ് ഉള്‍പ്പെടുത്തുന്നത്.
ഈ വര്‍ഷം സെപ്തംബര്‍ – ഒക്ടോബര്‍ മാസങ്ങളോടുകൂടി അക്ഷരമാല ഉള്‍പ്പെടുത്തിയ പുസ്തങ്ങള്‍ വിതരണം ചെയ്യും- മന്ത്രി അറിയിച്ചു.