അത്തോളി: ഏഴു വയസ്സുകാരൻ മരിച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ. കാപ്പാട് സൂപ്പിക്കണ്ടി ‘തുഷാര’യിൽ ഡാനിഷ് ഹുസൈന്റെ മകൻ ഹംദാൻ ഡാനിഷ് ഹുസൈൻ മരിച്ച സംഭവത്തിലാണ് കുട്ടിയുടെ മാതാവ് അത്തോളി കേളോത്ത് മഹൽ ജുമൈലയെ (34) അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്.
അത്തോളിയിലെ മാതാവിന്റെ വീട്ടിൽ ഉറങ്ങാൻകിടന്ന കുട്ടിയെ ശനിയാഴ്ച രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വീട്ടുകാരും നാട്ടുകാരും കരുതിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സംഭവ ദിവസം തന്നെ മരണം നടന്ന മുറി സീൽ ചെയ്തിരുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച വൈകീട്ടോടെ മൃതദേഹം ഖബറടക്കി. എന്നാൽ, ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാവിലെ ജുമൈലയെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഫോറൻസിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വീട്ടിൽ പരിശോധന നടത്തി. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
മാതാവ് മാനസികരോഗത്തിന് ചികിത്സതേടിയിരുന്നതായി ബന്ധുക്കൾ അറിയിച്ചതായി പൊലീസ് പറഞ്ഞു. അത്തോളി ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു ഹംദാൻ ഡാനിഷ്.
തുടരന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഞായറാഴ്ച വൈകീട്ട് ആറോടെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ജുമൈലയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരുന്നതായി ഡിവൈ.എസ്.പി പറഞ്ഞു.