പ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ തിങ്കളാഴ്ച മുതൽ

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:കേരളത്തിലെ പ്ലസ് വൺ ഹയർസെക്കൻഡറി കോഴ്സുകളിലേക്ക് ഏകജാലക സംവിധാനത്തിലൂടെ ജൂലായ് 11 മുതൽ 18 വരെ www.admission.dge.kerala.gov.in വഴി അപേക്ഷിക്കാം.
കോഴ്സ് ഘടന
====================
രണ്ടുവർഷമാണ് കോഴ്സ് ദൈർഘ്യം. മൊത്തം ആറുവിഷയങ്ങളാണ് പഠിക്കേണ്ടത്. ഇംഗ്ലീഷ്, ഒരു ഭാഷാവിഷയം (സെക്കൻഡ് ലാംഗ്വേജ്), നാല് ഓപ്ഷണൽ വിഷയങ്ങൾ. ഭാഷാവിഷയങ്ങളിൽ മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, തമിഴ്, സിറിയക്, ലാറ്റിൻ, ജർമൻ, റഷ്യൻ എന്നിവയുണ്ട്. വിവിധ ഓപ്ഷണൽ വിഷയങ്ങൾ ഉൾപ്പെടുന്ന 45 കോമ്പിനേഷനുകൾ തിരഞ്ഞെടുക്കാൻ ലഭ്യമാണ്. വിഷയങ്ങളുടെ സ്വഭാവമനുസരിച്ച്, ഈ 45 കോമ്പിനേഷനുകളെ സയൻസ് (ഒൻപത് എണ്ണം), ഹ്യുമാനിറ്റീസ് (32), കൊമേഴ്സ് (4) ഗ്രൂപ്പുകളായി തിരിച്ച് hscap.kerala.gov.in ൽ ഉള്ള പ്രോസ്പക്ടസിൽ നൽകിയിട്ടുണ്ട് (ക്ലോസ് 18, പേജ് 20).
• സയൻസ്: പല കോമ്പിനേഷനുകളിലായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, ഹോം സയൻസ്, ജിയോളജി, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നീ വിഷയങ്ങളുണ്ട്.
• ഹ്യുമാനിറ്റീസ്: ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, സോഷ്യോളജി, ജിയോളജി, മ്യൂസിക്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽവർക്ക്, ഇസ്ലാമിക് ഹിസ്റ്ററി, സൈക്കോളജി, ആന്ത്രോപ്പോളജി, മലയാളം, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സാൻസ്ക്രിറ്റ് സാഹിത്യ, സാൻസ്ക്രിറ്റ് ശാസ്ത്ര, സ്റ്റാറ്റിസ്റ്റിക്സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ
• കൊമേഴ്സ്: ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീവിഷയങ്ങളിൽ നാലെണ്ണം വിവിധ കോമ്പിനേഷനുകളിലായി വരാം.
എല്ലാ കോമ്പിനേഷനുകളും എല്ലാ സ്കൂളുകളിലും ഉണ്ടാകില്ല. ഓരോ സ്കൂളിലുമുള്ള കോമ്പിനേഷനുകൾ ജില്ലതിരിച്ച്, വെബ്സൈറ്റിൽനിന്ന് മനസ്സിലാക്കാം (സ്കൂൾ ലിസ്റ്റ്/പ്രോസ്പക്ടസ് > അനുബന്ധം 7 നോക്കുക)
റാങ്ക് പട്ടിക തയ്യാറാക്കൽ
====================
പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്ന രീതി പ്രോസ്പക്ടസിൽ ക്ലോസ് 16-ൽ (പേജ് 15)ൽ വിശദീകരിച്ചിട്ടുണ്ട്. പത്താംക്ലാസ് പരീക്ഷാഫലത്തിൽ ഓരോ വിഷയത്തിന്റെയും ഫലം ഗ്രേഡ് വഴിയാണ് നൽകിയിരിക്കുന്നത്. എ+, എ, ബി+, ബി, സി+, സി, ഡി+, ഡി എന്നിങ്ങനെ. എല്ലാവിഷയങ്ങൾക്കും ഡി+ എങ്കിലും ഗ്രേഡ് നേടിയവർക്കാണ് ഉന്നതവിദ്യാഭ്യാസത്തിനുള്ള അർഹത.
പ്ലസ് വൺ പ്രവേശന റാങ്ക് പട്ടിക പല ഘട്ടങ്ങളിലൂടെയാണ് തയ്യാറാക്കുന്നത്.
1: ലഭിച്ച ഗ്രേഡുകൾ ഓരോന്നും ഗ്രേഡ് പോയൻറുകളാക്കി മാറ്റും. ഓരോ ഗ്രേഡിനും നിശ്ചയിച്ചുനൽകുന്ന തത്തുല്യമായ ഒരു സംഖ്യാമൂല്യമാണ് ഗ്രേഡ് പോയന്റ്. എ+ എന്ന ഗ്രേഡിനു തത്തുല്യമായ ഗ്രേഡ് പോയന്റ് 9 ആണ്. എ(8), ബി+(7), ബി(6), സി+(5), സി(4), ഡി+(3) എന്നിങ്ങനെയാണ് മറ്റു ഗ്രേഡുകളും തത്തുല്യ ഗ്രേഡ് പോയൻറുകളും.
2: എല്ലാവിഷയങ്ങളുടെയും ഗ്രേഡ് പോയൻറുകൾ കൂട്ടി ആകെ ഗ്രേഡ് പോയന്റ് (ടി.ജി.പി.) കണക്കാക്കും. 10 വിഷയങ്ങൾക്കും എ+ ലഭിച്ച ഒരാളുടെ ടി.ജി.പി. 90 ആയിരിക്കും. 5 വിഷയങ്ങൾക്ക് എ+ ഉം 5-ന് എ യും ലഭിച്ച കുട്ടിയുടെ ടി.ജി.പി. 85 ആയിരിക്കും [(5×9)+(5×8)]. മൊത്തം വിഷയങ്ങളെ (ടോട്ടൽ നമ്പർ ഓഫ് സബ്ജക്ട്സ്), ടി.എസ്. എന്ന് സൂചിപ്പിക്കും (ഇവിടെ 10 വിഷയങ്ങൾ)
3: ഹയർസെക്കൻഡറി പഠനത്തിന് വിദ്യാർഥി തിരഞ്ഞെടുക്കുന്ന നാലുവിഷയങ്ങൾ അടങ്ങുന്ന കോമ്പിനേഷൻ അനുസരിച്ച് (സയൻസ്-9 കോമ്പിനേഷൻ, ഹ്യുമാനിറ്റീസ്-32, കൊമേഴ്സ്- 4, മൊത്തം-45) യോഗ്യതാപരീക്ഷയിലെ നിശ്ചിതവിഷയങ്ങൾക്ക് അധികപരിഗണന (വെയ്റ്റേജ്) കിട്ടും.
സയൻസ് വിഭാഗത്തിൽ നാല് കോമ്പിനേഷന്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് വിഷയങ്ങളുടെയും അഞ്ചെണ്ണത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളുടെയും ഗ്രേഡ് പോയന്റ് കൂട്ടും. ഹ്യുമാനിറ്റീസ് വിഭാഗത്തിലുള്ള കോമ്പിനേഷനുകൾക്ക് വെയ്റ്റേജ് ലഭിക്കുന്ന വിഷയം: 25 കോമ്പിനേഷനുകൾക്ക്, സോഷ്യൽസയൻസ് ഗ്രേഡ് പോയന്റ് കൂട്ടും. നാലെണ്ണത്തിന്, സോഷ്യൽ സയൻസ്, ഇംഗ്ലീഷ് എന്നിവയുടേതും മൂന്നെണ്ണത്തിന്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളുടേതും കൂട്ടും. കൊമേഴ്സിലെ നാലു കോമ്പിനേഷനുകൾക്കും സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് എന്നിവയുടെ ഗ്രേഡ് പോയന്റുകൾ പരിഗണിക്കും. വെയ്റ്റേജിനു പരിഗണിക്കുന്ന വിഷയങ്ങളുടെ മൊത്തം ഗ്രേഡ് പോയന്റാണ് ഗ്രേഡ് വാല്യൂ ഓഫ് സബ്ജക്ട്സ് ഫോർ വെയ്റ്റേജ്-ജി.എസ്.ഡബ്ല്യു. വെയ്റ്റേജിനു പരിഗണിക്കുന്ന വിഷയങ്ങളുടെ എണ്ണത്തെ ടി.എസ്.ഡബ്ല്യു. (ടോട്ടൽ സബ്ജക്ട്സ് ഫോർ വെയ്റ്റേജ്) എന്നും സൂചിപ്പിക്കും.
4: തുടർന്ന് ജി.എസ്.ഡബ്ല്യു., ടി.ജി.പി.യോടു കൂട്ടും. കിട്ടുന്ന മൂല്യത്തെ, ടി.എസ്.+ടി.എസ്.ഡബ്ല്യു. കൊണ്ട് ഹരിക്കും. അതായത്, [(ടി.ജി.പി.+ജി.എസ്.ഡബ്ല്യു.)/(ടി.എസ്.+ടി.എസ്.ഡബ്ല്യു.)] കണക്കാക്കും. ഈ ഘടകമാണ് അക്കാദമിക് വാല്യൂ പാർട്ട് (എ.വി.പി.). ഇതിന്റെ മൂല്യം X ആണെന്നു കരുതുക.
5: വിദ്യാർഥിക്ക് പ്രോസ്പക്ടസ് പ്രകാരം അർഹതയുള്ള ബോണസ് പോയൻറുകളും (ബി.പി.) കുറയ്ക്കേണ്ട മൈനസ് പോയന്റുകളും (എം.പി.) [ഇവ പരിഗണിക്കുന്ന രീതി പ്രോസ്പക്ടസിൽ നൽകിയിട്ടുണ്ട്] നിർണയിക്കും. തുടർന്ന്
[(ബി.പി.-എം.പി.)/10] കണക്കാക്കും. ഈ ഘടകമാണ് ബോണസ് വാല്യൂ പാർട്ട് (ബി.വി.പി.). ഇതിന്റെ മൂല്യം Y ആയി കരുതുക.
6: തുടർന്ന് X, Y എന്നിവ കൂട്ടി, വെയ്റ്റഡ് ഗ്രേഡ് പോയന്റ് ആവറേജ് (ഡബ്ല്യു.ജി.പി.എ.) കണക്കാക്കും. ഡബ്ല്യു.ജി.പി.എ.= X+Y. ഇതാണ് റാങ്കിങ്ങിനായി പരിഗണിക്കുന്ന മൂല്യം. ഏഴ് ദശാംശസ്ഥാനത്തേക്ക് ഇത് ക്രമീകരിക്കും. ഇവിടെ തുല്യതവന്നാൽ, അത് ഒഴിവാക്കാൻ മുൻഗണന നിശ്ചയിച്ചു പരിഗണിക്കുന്ന ഘടകങ്ങൾ പ്രോസ്പക്ടസിൽ പറഞ്ഞിട്ടുണ്ട്.
അപേക്ഷ
====================
www.admission.dge.kerala.gov.inവഴിയാണ് നൽകേണ്ടത്. അവിടെ ‘ക്ലിക് ഫോർ ഹയർസെക്കൻഡറി അഡ്മിഷൻ’ ലിങ്ക് വഴി നിശ്ചിത പേജിലെത്തി ‘ക്രിയേറ്റ് കാൻഡിഡേറ്റ് ലോഗിൻ’ ലിങ്ക് വഴി, അവിടെയുള്ള നിർദേശങ്ങൾപ്രകാരം, മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി. (വൺ ടൈം പാസ്വേർഡ്) നൽകി, പ്രവേശന നടപടികൾക്കായി തന്റേതായ പേജ് രൂപപ്പെടുത്താം. ഇങ്ങനെ സൃഷ്ടിക്കുന്ന കാൻഡിഡേറ്റ് ലോഗിൻവഴിയാണ് പ്രവേശനത്തിനുള്ള അപേക്ഷാസമർപ്പണവും തുടർന്നുള്ള പ്രവേശനപ്രവർത്തനങ്ങളും നടത്തേണ്ടത്. ഈ പേജിലെ ‘അപ്ലൈ ഓൺലൈൻ’ ലിങ്ക് വഴിയാണ് ഓൺലൈൻ അപേക്ഷ നൽകേണ്ടത്. അതിനുള്ള മാർഗനിർദേശങ്ങൾ hscap.kerala.gov.in -ലെ പ്രോസ്പക്ടസ് ലിങ്കിലെ അനുബന്ധം 5-ൽ നൽകിയിട്ടുണ്ട്. പൊതുവിവരങ്ങൾ നൽകിയശേഷം ഗ്രേഡ് വിവരങ്ങൾ നൽകണം. തുടർന്ന് പ്രവേശനം ആഗ്രഹിക്കുന്ന ഓപ്ഷനുകൾ നൽകണം.
ഓപ്ഷൻ
====================
ഒരു സ്കൂളും ഒരു സബ്ജക് കോമ്പിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷൻ. അപേക്ഷാർഥി പഠിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്കൂളും ആ സ്കൂളിലെ ഏറ്റവും ഇഷ്ടപ്പെടുന്ന സബ്ജക്ട് കോമ്പിനേഷനുമാണ് ഒന്നാം ഓപ്ഷനായി നൽകേണ്ടത്. അത് ലഭിക്കുന്നില്ലെങ്കിൽ രണ്ടാമതായി തന്നെ പരിഗണിക്കേണ്ട സ്കൂളും സബ്ജക്ട് കോമ്പിനേഷനുമാണ് രണ്ടാം ഓപ്ഷനായി നൽകേണ്ടത്. ഇപ്രകാരം മുൻഗണന നിശ്ചയിച്ച് താത്പര്യമുള്ള ഓപ്ഷനുകൾ നൽകാം.
ഓപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ അനുബന്ധത്തിൽ നൽകിയിട്ടുണ്ട്. ജില്ല തിരിച്ചുള്ള സ്കൂളുകളുടെ പട്ടിക, ഓരോന്നിലുമുള്ള സബ്ജക്ട് കോമ്പിനേഷനുകൾ, ലഭ്യമായ ഭാഷാവിഷയം (സെക്കൻഡ് ലാംഗ്വേജ്) എന്നിവ വ്യക്തമാക്കി, അനുബന്ധം 7-ൽ ലഭിക്കും. ഇതു പരിശോധിച്ച് മുൻഗണനാക്രമം നിശ്ചയിക്കാം.
ഓപ്ഷനുകൾ നൽകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കൂടുതൽ താത്പര്യമുള്ള ഓപ്ഷനുകൾ ആദ്യമാദ്യം നൽകണം. കുറഞ്ഞ താത്പര്യമുള്ളവ താഴെയായി വരണം. ഏതെങ്കിലും ഓപ്ഷൻ അനുവദിച്ചുതന്നാൽ അതിനു താഴെയുള്ളവ (ലോവർ ഓപ്ഷനുകൾ) സ്വമേധയാ റദ്ദാകും. എന്നാൽ, അതിനുമുകളിലുള്ളവ (ഹയർ ഓപ്ഷൻസ്) സ്ഥിരപ്രവേശനം നേടുംവരെ നിലനിൽക്കും. ഹയർ ഓപ്ഷനുകളിൽ താത്പര്യമില്ലാത്തവ സമയപരിധിക്കകം റദ്ദുചെയ്യാൻ അവസരം ലഭിക്കും. താത്പര്യമുള്ളത്രയും ഓപ്ഷനുകൾ നൽകാം. പക്ഷേ, അനുവദിച്ചുതന്നാൽ സ്വീകരിക്കുമെന്നുറപ്പുള്ള ഓപ്ഷനുകൾമാത്രമേ നൽകാവൂ. അനുവദിച്ച ഓപ്ഷൻ സ്വീകരിക്കാതിരുന്നാൽ-താത്കാലികമായോ സ്ഥിരമായോ ഉള്ള പ്രവേശനം നേടാതിരുന്നാൽ ആ അലോട്ട്മെൻറ് നഷ്ടപ്പെടും. ഒപ്പം, അപേക്ഷാർഥിപ്രക്രിയയിൽനിന്ന് പുറത്താകും. തുടർ അലോട്ട്മെൻറുകളിലേക്ക് അപേക്ഷാർഥിയെ പരിഗണിക്കുന്നതല്ല.
സ്ഥിരപ്രവേശനം, താത്കാലിക പ്രവേശനം
====================
തന്റെ ഒന്നാം ഓപ്ഷൻതന്നെ അനുവദിക്കപ്പെട്ടാൽ വിദ്യാർഥി ഫീസ് അടച്ച് ബന്ധപ്പെട്ട സ്കൂളിൽ പ്രവേശനം നേടണം. ഇത് സ്ഥിരപ്രവേശനമാണ് (താഴ്ന്ന ഓപ്ഷനുകൾ സ്വമേധയാ റദ്ദാകുമല്ലോ. അപ്പോൾ ഒരു മാറ്റം ഉണ്ടാകില്ല). എന്നാൽ, താഴ്ന്ന ഒരു ഓപ്ഷൻ ലഭിക്കുന്ന വിദ്യാർഥിക്ക് താത്കാലിക പ്രവേശനം നേടി, ഉയർന്ന ഓപ്ഷനുകളിലേക്കുള്ള മാറ്റത്തിനായി കാത്തിരിക്കാവുന്നതാണ്. താത്കാലിക പ്രവേശനം നേടാതിരുന്നാൽ പ്രക്രിയയിൽനിന്ന് പുറത്താകും.
മെറിറ്റ് സീറ്റിലേക്ക്, ഒരു റവന്യൂജില്ലയിൽ ഒരു അപേക്ഷയേ നൽകാവൂ. ഒന്നിലധികം റവന്യൂജില്ലകളിൽ പ്രവേശനം തേടുന്നവർ, ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നൽകണം. ഇങ്ങനെ അപേക്ഷിക്കുന്നവർക്ക് ഒന്നിൽ കൂടുതൽ ജില്ലകളിൽ അലോട്ട്മെൻറ്് ലഭിച്ചാൽ, അവർ ഏതെങ്കിലും ഒരു ജില്ലയിൽ പ്രവേശനം നേടണം. അതോടെ മറ്റ് ജില്ലകളുടെ ഓപ്ഷനുകൾ തനിയെ റദ്ദാകുന്നതാണ്. എന്നാൽ, ആദ്യം ഒരു ജില്ലയിൽമാത്രം അലോട്ട്മെന്റ് ലഭിക്കുകയും അതനുസരിച്ച് പ്രവേശനം നേടിയ ശേഷം തുടർന്നുള്ള അലോട്ട്മെൻറിൽ മറ്റൊരു ജില്ലയിൽ പുതിയ അലോട്ട്മെന്റ് ലഭിക്കുകയും ചെയ്താൽ പുതിയ അലോട്ട്മെന്റ് സ്വീകരിക്കാവുന്നതാണ്. തുടർന്ന്, പുതുതായി പ്രവേശനം നേടിയ ജില്ലയിലെ ഹയർ ഓപ്ഷനുകളേ പരിഗണിക്കുകയുള്ളൂ. ആദ്യജില്ലയിലെ ഓപ്ഷനുകൾ തനിയെ റദ്ദാകും.
ട്രയൽ അലോട്ട്മെൻറ്
====================
യഥാർഥ അലോട്ട്മെൻറിനുമുമ്പായി അവസാനവട്ട പരിശോധന നടത്തുന്നതിനും തിരുത്തലുകൾ വേണമെങ്കിൽ തിരുത്തുന്നതിനും ഒരു ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. അപേക്ഷയിലെ തെറ്റുകൾ ഈ സമയത്ത് തിരുത്താം. ഓപ്ഷനുകൾ മാറ്റാനും ഈ സമയത്ത് സൗകര്യമുണ്ടാകും.
മുഖ്യ അലോട്ട്മെന്റിൽ മൂന്ന് റൗണ്ട് അലോട്ട്മെൻറുകൾ ഉണ്ടാകും. അതിനുശേഷമുള്ള ഒഴിവുകളിലേക്ക് സപ്ലിമെൻററി അലോട്ട്മെൻറുകൾ നടത്തും. മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നതോടെ താത്കാലിക പ്രവേശനത്തിൽ തുടരുന്നവർ നിർബന്ധമായും പ്രവേശനം സ്ഥിരപ്പെടുത്തണം. ഏകജാലക പ്രവേശനത്തിന്റെ സമയക്രമം പ്രോസ്പക്ടസിൽ നൽകിയിട്ടുണ്ട്.
സീറ്റുകൾ
====================
സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലെ മൊത്തം സീറ്റുകളും
എയ്ഡഡ് (ന്യൂനപക്ഷ/പിന്നാക്ക സമുദായ സ്കൂളുകൾ ഉൾപ്പെടെ) ഹയർസെക്കൻഡറി സ്കൂളുകളിലെ നിശ്ചിത ശതമാനം സീറ്റുകളും ഓപ്പൺ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ ഏകജാലകംവഴി നികത്തുന്നു. അതിന്റെ വിശദാംശങ്ങൾ പ്രോസ്പക്ടസ് ക്ലോസ് 13-ൽ (പേജ് 10) നൽകിയിട്ടുണ്ട്.
മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ട
====================
എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ 20 ശതമാനം സീറ്റുകൾ മാനേജ്മെന്റ് ക്വാട്ട സീറ്റുകളാണ്. പിന്നാക്ക/ന്യൂനപക്ഷ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകൾ, പിന്നാക്ക/ന്യൂനപക്ഷ മാനേജ്മെന്റ് അല്ലാത്ത എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകൾ എന്നിവയിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിൽ അതത് സമുദായത്തിൽപ്പെട്ട അപേക്ഷകരിൽനിന്ന് ബന്ധപ്പെട്ട മാനേജ്മെന്റ് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തും.
മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട സ്കൂളിൽനിന്ന് ഇതിലേക്കുള്ള പ്രത്യേകം അപേക്ഷാഫോം വാങ്ങി അതത് സ്കൂളിൽ നൽകണം. ഈ സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് ഏകജാലക പ്രവേശനത്തിന്റെ പരിധിയിൽ വരുന്നില്ല. അൺ എയ്ഡഡ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നത് സ്കൂൾതലത്തിലാണ്. ഇതിനുള്ള അപേക്ഷയും ബന്ധപ്പെട്ട സ്കൂളിലാണ് നൽകേണ്ടത്.
പ്രവേശന യോഗ്യത
====================
കേരള സിലബസിലെ എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി., സി.ബി.എസ്.ഇ./സി.ഐ.എസ്.സി.ഇ. ബോർഡുകളുടെ തത്തുല്യ പത്താംക്ലാസ് പരീക്ഷ (ഓൾ ഇന്ത്യ സെക്കൻഡറി സ്കൂൾ പരീക്ഷ/ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പരീക്ഷ) തുടങ്ങിയവ ജയിച്ചവർക്ക് അപേക്ഷിക്കാം. പൊതുപരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി+ ഗ്രേഡോ തത്തുല്യമാർക്കോ നേടി ഉന്നതപഠനത്തിന് യോഗ്യതനേടിയിരിക്കണം. സി.ബി.എസ്.ഇ.യിൽ പഠിച്ച, മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ് പാസായവർക്കേ ഹയർസെക്കൻഡറിയിൽ മാത്തമാറ്റിക്സ് ഉൾപ്പെടുന്ന കോമ്പിനേഷൻ തിരഞ്ഞെടുക്കാൻ അർഹത ലഭിക്കൂ.
അപേക്ഷകർക്ക് 1.6.2022-ന് 15 വയസ്സ് പൂർത്തിയായിരിക്കണം. എന്നാൽ, ഈ ദിവസം 20 വയസ്സ് കവിയരുത്. കേരള പൊതുപരീക്ഷാ ബോർഡിൽനിന്ന് എസ്.എസ്.എൽ.സി. ജയിച്ചവർക്ക് കുറഞ്ഞ പ്രായപരിധിയില്ല. വിശദാംശങ്ങൾ പ്രോസ്പക്ടസിലുണ്ട്.