ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു, യാത്രക്കാര്‍ വലയും


ഏറ്റുമാനൂരിനും ചിങ്ങവനത്തിനുമിടയിലുള്ള പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ക്കായി ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നതോടെ യാത്രക്കാര്‍ വലയും. വ്യാഴംമുതല്‍ ഗതാഗത നിയന്ത്രണം ആരംഭിച്ചെങ്കിലും 20ന് ശേഷമാണ് കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കുന്നത്. 22 ട്രെയിന്‍ പൂര്‍ണമായി റദ്ദാക്കി. 30 ട്രെയിന്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടു. ട്രെയിനുകള്‍ ഭാഗികമായും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.
ആയിരക്കണക്കിനാളുകള്‍ യാത്രയ്ക്കായി ആശ്രയിക്കുന്ന പരശുറാം എക്സ്പ്രസ്, കണ്ണൂര്‍–തിരുവനന്തപുരം–കണ്ണൂര്‍ ജനശതാബ്ദി, വേണാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കുന്നത്.
ഐലന്‍ഡ് എക്സ്പ്രസും വേണാടും അഞ്ച് ദിവസവും പരശുറാം ഒമ്പത് ദിവസവും ജനശതാബ്ദി ആറ് ദിവസവും സര്‍വീസ് നടത്തില്ല. കോവിഡ് കാല നിയന്ത്രണങ്ങള്‍ക്കുശേഷം ജനത്തിരക്ക് തുടങ്ങിയതിനാല്‍ കൂട്ടത്തോടെയുള്ള ട്രെയിന്‍ റദ്ദാക്കല്‍ യാത്രാദുരിതം സൃഷ്ടിക്കും.
വടക്കന്‍ കേരളവുമായി ബന്ധിപ്പിക്കുന്ന പ്രധാന ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കുന്നതിന് പകരം ഭാഗികമായെങ്കിലും സര്‍വീസ് നടത്തുംവിധം സര്‍വീസ് പുനഃക്രമീകരിക്കണമെന്നാണ് പാസഞ്ചര്‍ അസോസിയേഷനുകള്‍ ആവശ്യപ്പെടുന്നത്