ലൈംഗിക ബന്ധത്തിന് ശേഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുന്നത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നതിന് അടിസ്ഥാനമല്ല: ഹൈക്കോടതി


കൊച്ചി: വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധത്തിന് ശേഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തുവെന്നത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നതിന് അടിസ്ഥാനമാകില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷ ലഭിച്ച ഇടുക്കി സ്വദേശി രാമചന്ദ്രന്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം.
2014ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബന്ധുക്കളായ രാമചന്ദ്രനും യുവതിയും പത്ത് വര്‍ഷത്തോളം പ്രണയത്തിലായിരുന്നുവെന്നും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
ഇതിനിടയില്‍ ഇരുവരും മൂന്ന് തവണ ശാരീരബന്ധത്തിലേര്‍പ്പെടുകയും പിന്നീട് രാമചന്ദ്രന്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്തെത്തിയത്.
യുവതിയുടെ പരാതിയിന്മേല്‍ രാമചന്ദ്രനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. ഇതിനെതിരെയാണ് രാമചന്ദ്രന്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ അനുവദിച്ച കോടതി രാമചന്ദ്രന്റെ ജീവപര്യന്തം തടവ് റദ്ദാക്കി. ജസ്റ്റിസ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തുമടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ശാരീരകബന്ധത്തിന് ശേഷം മറ്റൊരു വിവാഹം കഴിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പരാതിക്കാരിയുടെ അനുമതിയില്ലാതെയായിരുന്നു ശാരീരികബന്ധമെന്ന് പറയാനാകില്ലെന്ന് കോടതി പറഞ്ഞു.
യുവതിയുടെ പരാതിയില്‍ ശാരീരികബന്ധം ബലപ്രയോഗത്തിലൂടെയാണെന്ന് പറയുന്നില്ല. ശരിയായ വിവരങ്ങള്‍ മറച്ചുവെച്ചായിരുന്നു ലൈംഗികബന്ധത്തിന് യുവതിയുടെ അനുമതി തേടിയതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. പാരതിക്കാരിയുടെ മൊഴിയും ഇക്കാര്യം സാധൂകരിക്കുന്നില്ല. ശാരീരികബന്ധം ഉണ്ടായതിനുപിന്നാലെ പ്രതി മറ്റൊരു വിവാഹം കഴിച്ചുവെന്നതുകൊണ്ട് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്ന നിഗമനത്തില്‍ എത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
വീട്ടുകാരുടെ എതിര്‍പ്പുകാരണം വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ വാഗ്ദാനലംഘനം എന്ന നിലയില്‍ മാത്രമേ സംഭവത്തെ കാണാനാകൂ. ഈ സാഹചര്യത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതിയെ വെറുതെ വിടുകയാണ്. എന്നാല്‍ പുരുഷന് വിവാഹത്തെക്കുറിച്ച് ഉറപ്പില്ലെങ്കില്‍ ആ വസ്തുത സ്ത്രീയോട് വെളിപ്പെടുത്താന്‍ അയാള്‍ ബാധ്യസ്ഥനാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.