NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഹിജാബ് നിരോധനം ശരിവെച്ച വിധിക്കെതിരെ സമസ്ത സുപ്രീം കോടതിയിലേക്ക്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമസ്ത സുപ്രീംകോടതിയിലേക്ക്. അനിവാര്യമായ മതാചാരങ്ങള്‍ പാലിക്കാന്‍ ഭരണഘടനയുടെ 25-ാം അനുഛേദം നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണ് ഹിജാബ് നിരോധനം. ഈ നിരോധനം ബഹുസ്വരതയ്ക്കും, എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന നയത്തിനും എതിരാണ്. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. നിരോധനം ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരാണെന്നും ക്രൂരമായ നാസി പ്രത്യയശാസ്ത്രത്തിന്റെ തനിയാവര്‍ത്തനമാണെന്നും ആരോപിച്ചാണ് ഹര്‍ജി.

ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി നടത്തിയ വിധിക്കെതിരെ നീതി തേടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുമെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടരി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാരും അറിയിച്ചിരുന്നു. അതേസമയം ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ വ്യക്തമാക്കിയിരുന്നു. പരീക്ഷകള്‍ നടക്കുന്നതിനാല്‍ വിഷയം വേഗത്തില്‍ പരിഗണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്താണ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പരീക്ഷ ഇതില്‍ ഒരു വിഷയമേ ആകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് മാര്‍ച്ച് 15നാണ് കര്‍ണാടക ഹൈക്കോടതി ഫുള്‍ബഞ്ച് വിധിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവര്‍ അംഗങ്ങളുമായ ബഞ്ചിന്റേതായിരുന്നു വിധി. മുഴുവന്‍ മുസ്ലിം മത വിശ്വാസികളെയും ബാധിക്കുന്ന വിഷയമായതിനാലാണ് ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സമസ്ത വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമിക വിശ്വാസത്തില്‍ ഹിജാബ് അനിവാര്യമല്ലെന്ന കര്‍ണാടക ഹൈക്കോടതിയുടെ കണ്ടെത്തല്‍ തെറ്റാണ്. ഖുറാനിലെ രണ്ട് വചനങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വ്യാഖ്യാനിച്ചാണ് ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *