തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ കേരള ചരിത്ര കോൺഗ്രസ്സ് സമാപിച്ചു
1 min read
ജർമ്മനിയിലെ ഏർഫട്ട് യൂണിവേഴ്സിറ്റി പ്രൊഫസറും ചരിത്രകാരിയുമായ സൂസൻ റൗ മുഖ്യപ്രഭാഷണം നിർവഹിക്കുന്നു

തിരൂരങ്ങാടി: കേരള ചരിത്ര കോൺഗ്രസ്സിന്റെ 6-ാം വാർഷിക സമ്മേളനം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ സമാപിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ചരിത്ര കോൺഗ്രസിൽ കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ യൂണിവേഴ്സിറ്റികളിലെ ചരിത്രകാരന്മാർ പങ്കെടുത്തു. വിത്യസ്ത വിഷയങ്ങളിലായി എഴുപതിൽപരം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ചരിത്രകാരൻ പ്രൊഫ.കെ.എൻ. ഗണേഷ് “ചരിത്രവുംസംസ്കാരവും ചരിത്രപ്രയോഗ രീതിയും’ എന്ന വിഷയത്തിൽ സംസാരിച്ചു. രാവിലെ നടന്ന സെഷനിൽ ഡോ. സെബാസ്റ്യൻ ജോസഫ്, ഡോ.മാളവിക ബിന്നി, എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന മീറ്റ് ദി ഓഥേഴ്‌സ് സെഷനിൽ പ്രൊഫ. വി.വി.ഹരിദാസ്, പ്രൊ.എം.പി. മുജീബ്റഹ്മാൻ, ഡോ. വിനീൽ പോൾ എന്നിവർ വിവിധ പുസ്തകങ്ങൾ പരിചയപെടുത്തി. വിവിധ സെഷനുകളിലായി പ്രൊഫ.കേശവൻ വെളുത്താട്ടും, പ്രമുഖ ചരിത്രകരൻ എം.ആർ. രാഗവവാരിയരും പ്രഭാഷണം നടത്തി. ജർമ്മനിയിലെ Erfurt (ഏർഫട്ട്) യൂണിവേഴ്സിറ്റി പ്രൊഫസറും ചരിത്രകാരിയുമായ സൂസൻ റൗ മുഖ്യപ്രഭാഷണം നിർവഹിച്ചു
തുടർന്ന് നടന്ന സെഷനുകളിൽ എം. ഗംഗാധരൻ സ്മാരക പ്രഭാഷണം പ്രൊഫ. കേശവൻ വെളുത്താട്ടും എം.കെ. ഹാജി സ്മാരക പ്രഭാഷണം ഡോ. കെ.ടി ജലീലും നിർവഹിച്ചു.
‘1921: ചരിത്രവും വർത്തമാനവും ‘ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ഡോ. പി.പി. അബ്ദുൽ റസാഖ്, ഡോ. ഹുസൈൻ രണ്ടത്താണി, ഡോ.കെ.എസ്. മാധവൻ, പി. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പി.എസ്.എം.ഒ. അലുംനി അസോസിയേഷന്റെ നേതൃത്വത്തിൽ ഓർക്കസ്ട്രയും സംഘടിപ്പിച്ചു.
കേരള ചരിത്ര കോൺഗ്രസ്സിന്റെ പുതിയ പ്രെസിഡന്റായി പ്രൊഫ.കേശവൻ വെളുത്താട്ടും ജനറൽ സെക്രട്ടറി ആയി ഡോ. സെബാസ്റ്യൻ ജോസഫിനെയും എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുത്തു.
സമ്മേളനത്തിന്റെ ഭാഗമായി തിരൂരങ്ങാടിയുടെ ചരിത്ര ഭൂമികയിലൂടെ ഒരു പൈതൃക പഠനയാത്രയും, മലബാറിന്റെ ചരിത്ര സാംസ്‌കാരിക ജീവിതത്തെ അടയാളപ്പെടുത്തുന്ന പുരാസവസ്തു പ്രദർശനവും കോളേജിൽ ഒരുക്കിയിരുന്നു