NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഭര്‍തൃപിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, മലപ്പുറത്തെ യുവതിയുടെ മരണം കൊലപാതക മെന്ന് കുടുബം

മലപ്പുറം തിരൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമെതിരെ ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ആലത്തിയൂര്‍ നടുവിലപ്പറമ്പില്‍ ലബീബ(24)യെയാണ് തിങ്കളാഴ്ച ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. ഭര്‍ത്താവ് ഹര്‍ഷാദും ഇയാളുടെ പിതാവ് മുസ്തഫയും ലബീബയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഭര്‍ത്താവും ഭര്‍തൃപിതാവും മാനസികമായും ശാരീരികമായും ലബീബയെ പീഡിപ്പിച്ചിരുന്നു. ഭര്‍തൃ പിതാവ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി മകള്‍ തന്നോടും അനിയത്തിയോടും പറഞ്ഞിരുന്നുവെന്ന് ലബീബയുടെ മാതാവ് പറഞ്ഞു. പലപ്പോഴും ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

നാല് മാസം മുമ്പായിരുന്നു ബീരാഞ്ചിറ ചെറിയ പറപ്പൂരില്‍ കല്‍പറമ്പില്‍ മുസ്തഫയുടെ മകന്‍ ഹര്‍ഷാദിന്റെയും ലബീബയുടേയും വിവാഹം. ഹര്‍ഷാദിന്റെ സഹോദരന്റെ ഭാര്യയായിരുന്നു ലബീബ. സഹോദരന്റെ മരണ ശേഷം ലബീബയെ ഹര്‍ഷാദ് വിവാഹം ചെയ്യുകയായിരുന്നു. ആദ്യ വിവാഹത്തില്‍ ലബീബയ്ക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ട്.

ഭര്‍തൃ വീട്ടുകാരുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ലബീബ ആലത്തിയൂരിലെ സ്വന്തം വീട്ടിലേക്ക് തിരികെ പോയിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഭര്‍തൃപിതാവ് മുസ്തഫ വന്ന് ലബീബയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പോകാന്‍ തയ്യാറാകാതിരുന്നതോടെ മുസ്്തഫ മകനെ കൊണ്ടുപോവുകയും പിന്നീട് കുട്ടി ഭക്ഷണം കഴിക്കുന്നില്ലെന്ന് പറഞ്ഞ് ലബീബയെ വരുത്തിക്കുകയുമായിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്ന ഉറപ്പിലാണ് തിരികെ കൊണ്ടുപോയത്.

തിങ്കളാഴ്ച കാലത്ത് മകള്‍ ബാത്ത് റൂമില്‍ വീണു എന്നാണ് ലബീബയുടെ വീട്ടുകാരെ അറിയിച്ചത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ മരിച്ചതായി അറിഞ്ഞു. പിന്നാലെയാണ് ബാത്ത് റൂമില്‍ തൂങ്ങി മരിച്ചുവെന്ന കാര്യം പുറത്ത് വന്നത്.

Leave a Reply

Your email address will not be published.