ബൈക്ക് അപകടത്തില്‍ മരിച്ച വ്യാപാരിയുടെ ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍; ദുരൂഹത

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം കിളിമാനൂരില്‍ വ്യാപാരിയെ അപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠനാണ് (44) മരിച്ചത്. ബൈക്ക് അപകടത്തില്‍ പെട്ട് മരിച്ച നിലയിലാണ് മണികണ്്ഠനെ കണ്ടെത്തിയത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹത ഉള്ളതായി പൊലീസ് പറഞ്ഞു. ശരീരത്തില്‍ വെട്ടേറ്റ തരത്തില്‍ പാടുകളുണ്ട്. പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നതെന്നാണ് അറിയുന്നത്. പഴക്കച്ചവടക്കാരനായ മണികണ്ഠന്‍ മഹാദേവേശ്വരത്തുള്ള ചന്തയില്‍ വ്യാപാരം കഴിഞ്ഞ് തിരികെ വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. അപകട ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ ഉടന്‍ പൊലീസ് എത്തി. മണികണ്ഠനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശരീരത്തില്‍ തലയില്‍ ഉള്‍പ്പടെ വെട്ടേറ്റ തരത്തില്‍ പാടുകളുണ്ട്. ആരെങ്കിലും വെട്ടി വീഴ്ത്തിയതാണോ എന്ന് സംശയിക്കുന്നുണ്ട്.
അപകടം നടന്ന ശേഷം മറ്റൊരു വാഹനത്തില്‍ എത്തിയ സംഘം വണ്ടി നിര്‍ത്തി കുറച്ച് സമയത്തിന് ശേഷം തിരികെ പോകുന്നതായി അയല്‍ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടക്കുകയാണ്.