പരപ്പനങ്ങാടിയിൽ ട്രെയിൻ കയറാനെത്തിയ കുഞ്ഞിന്റെ സ്വർണമാല മോഷ്ടിച്ചതായി പരാതി.


പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ട്രെയിൻ കയറാനെത്തിയ കുഞ്ഞിന്റെ സ്വർണമാല മോഷ്ടിച്ചതായി പരാതി. കണ്ണൂർ പേരാവൂർ സ്വദേശിയായ യുവതിയുടെ രണ്ടര വയസ്സുള്ള മകന്റെ അരപ്പവൻ തൂക്കം വരുന്ന സ്വർണമാലയാണ് പൊട്ടിച്ചെടുത്തതായി പരാതിയുള്ളത്.
യുവതിയും ഉമ്മയും കുഞ്ഞുമൊത്ത് വേങ്ങരയിലുള്ള ബന്ധുവീട്ടിൽ നിന്നും കണ്ണൂരിലേക്ക് പോകുന്നതിനായി ഇന്ന് (ശനിയാഴ്ച) രാവിലെ 10.30 ഓടെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. ടിക്കറ്റെടുത്ത ഇവർ വെയ്റ്റിംഗ് റൂമിൽ ഇരിക്കുന്നതിനിടെ വെള്ളമുണ്ടുംഷർട്ടും ധരിച്ച ഒരാൾ ഇവരോട് സൗഹൃദം സ്ഥാപിച്ച് വന്നിരുന്നതായും ഇവർ പറയുന്നു.
പിന്നീടാണ് കുട്ടിയുടെ മാല നഷ്ടപ്പെട്ടത് അറിയുന്നത്. ഇതോടെ സൗഹൃദം സ്ഥാപിച്ച് വന്ന ആളെയും കാണാതായെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. സ്റ്റേഷനിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് തിരൂരിൽ നിന്നും റെയിൽവേ പോലീസും സ്ഥലത്തെത്തി ഇവരുടെ മൊഴിയെടുത്തു.