NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

44 പേരുടെ ജീവനുകളെടുത്ത പൂക്കിപ്പറമ്പ് ബസ് ദുരന്തത്തിന് 21 വർഷം; ഓർമ്മ ദിനത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ ബോധവൽക്കരണം

പൂക്കിപ്പറമ്പ് ബസ് അപകടം നടന്ന സ്ഥലത്ത് എൻഫോഴ്സ്മെൻ്റ് ആർടിഒ കെ കെ സുരേഷ് കുമാർ  ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുന്നു

 
ഇഖ്ബാൽ പാലത്തിങ്ങൽ
തിരൂരങ്ങാടി  : 44 മനുഷ്യജീവനുകൾ അഗ്‌നിക്കിരയായ ദുരന്തത്തിന്റെ ഓർമ്മകൾക്ക് 21വർഷം പിന്നിടുന്നു.  2001 മാർച്ച് മാസം 11 ാം തിയ്യതി ഗുരുവായൂരിൽ നിന്നും തലശ്ശേരിയിലേക്കുളള യാത്രാമധ്യേ ദേശീയപാത പൂക്കിപ്പറമ്പിൽ വെച്ചാണ് ബസ് മറിഞ്ഞ് കത്തിയമർന്നത്. ഉച്ചയ്ക്ക് 2.10നായിരുന്നു സംഭവം.
ഇറക്കത്തിൽ ബസിന്റെ ഷാഫ്റ്റ് പൊട്ടി നിയന്ത്രണംവിട്ട ബസ് കാറിലിടിച്ച് മറിഞ്ഞപാടെ നിമിഷനേരംകൊണ്ട് കത്തിയമർന്നു. മരിച്ചവരില്‍ ആറു കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 44 പേർ  അഗ്‌നിക്കിരയായി. ടാങ്കിൽ പിടിച്ച തീ വളരെ പെട്ടെന്ന് ആളിപ്പടർന്നതിനാലും ബസ്സ്‌ മറിഞ്ഞത് വാതിലുകൾ അടിയിലായ രീതിയിലായതിനാലും രക്ഷാപ്രവർത്തകർ എത്തും മുൻപേ ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ബസ് ദുരന്തങ്ങളിലൊന്നായിരുന്നു അത്.
അപകടത്തിന്റെ ശബ്ദവും നിലവിളികളും കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് നിസ്സഹായരായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. എങ്കിലും കര്‍മനിരതരായതോടെ കുറച്ചുപേരെയെങ്കിലും രക്ഷപ്പെടുത്താനും അപകടത്തിനിരയായവരെ ആശുപത്രികളിലെത്തിച്ചതും ഇന്നും ഓർക്കുന്നു. ബസിലെ തീ കാറിലേക്കും പടര്‍ന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ വാതില്‍തുറന്നുപോയിരുന്നതിനാല്‍  കാറിലുണ്ടായിരുന്ന കുട്ടികളടക്കമുള്ള 12 പേര്‍ പരിക്കോടെ രക്ഷപെട്ടത്‌ മഹാദുരന്തത്തിലെ ഭാഗ്യമായി ഇന്നും നാട്ടുകാർ ഓര്‍ക്കുന്നു.
അപകടത്തിന്റെ നേര്‍ക്കാഴ്ചകള്‍ ദൃശ്യങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും യാത്രക്കാരിലും ബസ്സ് ജീവനക്കാരിലും എത്തിച്ച് സുരക്ഷിതയാത്രയുടെ അവബോധം സൃഷ്ടിച്ച് മോട്ടോര്‍ വാഹനവകുപ്പ് ബോധവത്ക്കരണം സംഘടിപ്പിച്ചു. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ അനുസ്മരണ പരിപാടിയിലും ബോധവൽക്കരണ ക്ലാസിലും പങ്കെടുത്തു.
റോഡ് സുരക്ഷാ സന്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്തു. അശ്രദ്ധപരമായ ഡ്രൈവിംഗ്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിത വേഗത തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്താന്‍ ബസ്സ് യാത്രക്കാരോട് ആവശ്യപ്പെട്ടു. ജില്ല എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ. കെ.കെ. സുരേഷ് കുമാർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു.  തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എം.പി. അബ്ദുൽ സുബൈർ അധ്യക്ഷത വഹിച്ചു.

എൻഫോഴ്സ്മെൻ്റ് എം.വി.ഐ ഡാനിയൽ ബേബി റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.കെ. പ്രമോദ് ശങ്കർ, പി.എച്ച്. ബിജു മോൻ, സജി തോമസ്, എ.എം.വി ഐമാരായ കെ. സന്തോഷ് കുമാർ, കെ. അശോക് കുമാർ, വിജീഷ് വാലേരി,സലീഷ് മേലേപ്പാട്ട്, ടി. മുസ്തജാബ്, കെ.ആർ. ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബോധവത്ക്കരണം

Leave a Reply

Your email address will not be published. Required fields are marked *