NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മീഡിയ വണ്‍ സംപ്രേഷണ വിലക്ക്: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവണ്‍ ചാനല്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ച് കോടതി. ചാനല്‍ വിലക്ക് സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇടക്കാല ഉത്തരവ് വേണമെന്ന ചാനലിന്റെ ആവശ്യത്തില്‍ വിശദമായ വാദം കോടതി ചൊവ്വാഴ്ച കേള്‍ക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും, കേരള പത്രപ്രവര്‍ത്തക യൂണിയനും, ചാനലിലെ ജീവനക്കാര്‍ക്കായി എഡിറ്റര്‍ പ്രമോദ് രാമനും കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. 320 ലധികം വരുന്ന ജീവനക്കാരെ ബാധിക്കുന്ന കാര്യമാണെന്ന് വ്യക്തമാക്കിയിരുന്നു . ചാനല്‍ ഉടമകളോ ജിവനക്കാരോ രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന ഹര്‍ജിയില്‍ പറയുന്നു. മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും, ചാനലിന്റെ ഭാഗം കേള്‍ക്കാതെ വിലക്ക് ഏര്‍പ്പെടുത്തിയത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാണിക്കുന്നു.

സംപ്രേഷണ വിലക്കിനെതിരായ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിന് പിന്നാലെയായിരുന്നു മീഡിയ വണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവര്‍ത്തക യൂണിയനുമടക്കമുള്ളവര്‍ നല്‍കിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്.

ജനുവരി 31ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹരജികള്‍ ഫെബ്രുവരി എട്ടിനാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്. കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

മീഡിയവണിന് വേണ്ടി സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും കേന്ദ്ര സര്‍ക്കാറിന് വേണ്ടി അഡീ. സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയും ഹാജരായാണ് വാദം നടത്തിയത്. ഫെബ്രുവരി പത്തിന് ഒരു ദിവസത്തെ വാദത്തിന് ശേഷം വിധി പറയാനായി മാറ്റുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. മുദ്രവച്ച കവറിലാണ് മന്ത്രാലയം വിവരങ്ങള്‍ സിംഗിള്‍ ബെഞ്ചിന് മുമ്പാകെ കൈമാറിയത്.

Leave a Reply

Your email address will not be published.