NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വർക്കലയിൽ വീടിന് തീപിടിച്ച് പിഞ്ചു കുഞ്ഞുൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു

തിരുവനന്തപുരം: വർക്കല ചെറുന്നിയൂരിൽ വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് ഉൾപ്പെടെ കുടുംബത്തിലെഅഞ്ചുപേർ മരിച്ചു. പുലർച്ചെ ഒന്നര മണിയോടെയാണ് സംഭവം. വീട്ടുടമസ്ഥൻ ബേബി എന്ന പ്രതാപൻ (62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഖിൽ (25), മരുമകൾ അഭിരാമി(24), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാൻ എന്നിവരാണ് മരിച്ചത്.
ഗുരുതരമായ പരിക്കേറ്റ മൂത്ത മകൻ നിഖിൽ (29) തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇരു നില വീടിനാണ് തീ പിടിച്ചത്. പുലര്‍ച്ചെ ഒന്നരയോടെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. അഗ്നിരക്ഷാസേന എത്തുമ്പോഴേയ്ക്കും വീട്ടില്‍ തീ ആളിക്കത്തുകയായിരുന്നു. വീടിന്റെ മുഴുവന്‍ മുറികളിലേക്കും തീ പടര്‍ന്നിരുന്നു.
വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു. പോർച്ചിൽ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾക്കാണ് ആദ്യം തീപിടിച്ചതായി കണ്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അയല്‍വാസിയായ ശശാങ്കന്‍ എന്നയാളാണ് വീടിന് തീപിടിച്ചത് ആദ്യം കണ്ടത്. ശശാങ്കൻ ബഹളംവച്ചാണ് സമീപത്തെ മറ്റ് വീട്ടുകാര്‍ ഉണര്‍ന്നത്. തീ കണ്ട ഉടനെ ശശാങ്കന്റെ മകന്‍ പ്രതാപന്റെ മകന്‍ നിഖിലിനെ ഫോണ്‍ ചെയ്തു. നിഖില്‍ ഫോണ്‍ എടുക്കുകയും വീടിന് തീപിടിച്ചുവെന്ന് പറഞ്ഞ താഴേക്ക് ഇറങ്ങിവരികയും ചെയ്തിരുന്നുവെന്നും കുഞ്ഞിനെ എടുക്കട്ടെയെന്ന് പറഞ്ഞ് വീണ്ടും വീടിന്റെ അകത്തേയ്ക്ക് പോവുകയും ചെയ്തുവെന്ന് ശശാങ്കന്‍ പറഞ്ഞു. വർക്കല പുത്തൻ ചന്തയിലെ പച്ചക്കറി വ്യാപാരിയാണ് പ്രതാപൻ. പ്രതാപന് മൂന്ന് ആൺ മക്കളാണ് ഉള്ളത്.
ഒരു മകൻ ബിസിനസ് ആവശ്യത്തിനായി മുംബൈയിലായിരുന്നു. തീപിടിത്തത്തിന്റെ കാരണം അടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എല്ലാ മുറികളിലും എസിയും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റുമോർട്ടവും നടത്തിയശേഷമാകും സംസ്കാരം . വർക്കല ഡിവൈഎസ്പി നിയാസ്, റൂറൽ എസ്പി ദിവ്യ ഗോപിനാഥ് എന്നിവർ സ്ഥലത്തെത്തി വീടിനുള്ളിൽ പരിശോധന നടത്തുകയാണ്. മൃതദേഹങ്ങൾ വർക്കല എസ് എൻ മിഷൻ ഹോസ്പിറ്റലിൽ.

Leave a Reply

Your email address will not be published. Required fields are marked *