പ്രഭാത സവാരിക്കിറങ്ങിയ വയോധികന്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു.


പ്രഭാത സവാരിക്കിറങ്ങിയ വയോധികന്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ കോളയാട് കറ്റിയാട് കണിയാംപടിയിലെ പുത്തലത്താന്‍ ഗോവിന്ദനാണ് (98) കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച പുലര്‍ച്ചെ 6:30ഓടെയാണ് സംഭവമുണ്ടായത്. വീടിന് സമീപത്തുള്ള റോഡിലേക്ക് നടക്കാനിറങ്ങിയ ഗോവിന്ദനെ വഴിയില്‍ നില്‍ക്കുകയായിരുന്ന കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.
കാട്ടുപോത്തിന്റെ കുത്തേറ്റ ഗോവിന്ദന് മാരകപരുക്കേറ്റു. തലശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. പൊന്നോരാന്‍ നാരായണിയാണ് ഭാര്യ. മക്കള്‍ : സതി, വസുമതി, സരോജിനി, പരേതനായ മനോജ്. മരുമക്കള്‍: പുതുക്കുടി രാഘവന്‍, പരേതനായ ജനാര്‍ദ്ദനന്‍, രാഘവന്‍ തെറ്റുവഴി, പുഷ്പ്.
സംസ്ഥാനത്ത് ഈയിടെയായി വന്യജീവികളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്യുന്നത് വര്‍ധിച്ചിട്ടുണ്ട്. മലയോര-വനമേഖലകളില്‍ താമസിക്കുന്നവര്‍ കാട്ടുപന്നിയുടേയും കാട്ടാനയുടേയും ആക്രമണത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് പല തവണ രംഗത്ത് വന്നിരുന്നു.