വാണിജ്യ സിലിണ്ടര്‍ വില കുത്തനെ കൂട്ടി; 2000 രൂപ കടന്നു


രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന. വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസ കൂട്ടി. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2009 രൂപയായി ഉയര്‍ന്നു. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയിരികകുന്നത്. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. നിലവില്‍ ഗാര്‍ഹിക സിലിണ്ടറിന് 906 രൂപ 50 പൈസയാണ് വില.
വില വര്‍ദ്ധിപ്പിച്ചതോടെ ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന് 2,012 രൂപയാകും. അഞ്ച് കിലോ സിലിണ്ടറിന് 27 രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ അഞ്ച് കിലോ സിലിണ്ടറിന് 569 രൂപയായി. കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്‍റിന് 2,089 രൂപയും, മുംബൈയില്‍ 1,962 രൂപയുമാകും.
സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ സ്വകാര്യ കമ്പനികള്‍ പാചക വാകത വില കൂട്ടിയിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിയാന്‍ അടുത്തിരിക്കെ വീണ്ടും സിലിണ്ടര്‍ വില ഉയര്‍ത്തിയിരിക്കുകയാണ്. നേരത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരിയില്‍ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു.