പരപ്പനങ്ങാടിയിൽ പോലീസിനെ അക്രമിച്ച് കൈയ്യാമവുമായി രക്ഷപ്പെട്ട പ്രതി പിടിയിൽ.


പരപ്പനങ്ങാടി: പോലീസിനെ അക്രമിച്ച് കൈയ്യാമവുമായി രക്ഷപ്പെട്ട പ്രതി പിടിയിൽ. പരപ്പനങ്ങാടി ഒട്ടുമ്മൽ കടപ്പുറം വാട്ടാനകത്ത് കുഞ്ഞിമുഹമ്മദിൻ്റെ മകൻ മുജീബ് റഹ്മാനെ (38) ആണ് കൊണ്ടോട്ടി മുതുവല്ലൂരിലെ ഭാര്യവീട്ടിൽ വെച്ച് സി.ഐ. ഹണി കെ ദാസിൻ്റെ നേതൃത്യത്തിൽ പോലീസ് സാഹസികമായി പിടികൂടിയത്.
ഒരു മാസം മുമ്പ് ചെട്ടിപ്പടി ഹാർബർ സ്വദേശത്ത് വെച്ച് വാറണ്ട് പ്രതിയായ മുജീബ് റഹ്മാനെ പിടികൂടി കയ്യാമം വെച്ച് സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പോലീസിനെ അക്രമിച്ച് രക്ഷപ്പെട്ടത്. മൂന്ന് പോലീസുകാർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതിനു ശേഷം ഒളിവിലായിരുന്ന ഇയാൾ ഭാര്യ വീട്ടിലുണ്ടെന്ന വിവരം കിട്ടിയതോടെയാണ് സാഹസികമായി പിടികൂടിയത്. രക്ഷപ്പെടാൻ നീക്കം നടത്തിയെങ്കിലും പോലീസിൻ്റെ ഇടപെടൽ മൂലം നടന്നില്ല. രാഷ്ടീയ സംഘർഷമുൾപ്പടെ പത്തോളം കേസുകളിൽ പ്രതിയാണ് മുജീബ് റഹ്മാൻ. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.