NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജൈവ വളം വില്‍പനയുടെ പേരില്‍ സ്പൈസസ് പ്രൊഡ്യൂസേഴ്സ് കമ്പനി നടത്തുന്നത് വന്‍ തട്ടിപ്പ്; മൂന്നൂറു കോടിയലധികം അടിച്ചുമാറ്റിയതായി ആരോപണം,

കൊച്ചി: ജൈവ വളം മൊത്ത വില്‍പന നടത്തുന്ന പെരുമ്പാവൂര്‍ ആസ്ഥാനമായ സ്പൈസസ് പ്രൊഡ്യൂസേഴ്സ് കമ്പനി (എസ്പിസി) അനധികൃതമായി ഫ്രാഞ്ചൈസികള്‍ അനുവദിച്ച് തട്ടിപ്പ് നടത്തുന്നതായി വ്യാപക പരാതി. വിവിധ ജില്ലകളിലായി 300-ഓളം ഫ്രാഞ്ചൈസികളെ നിയമിക്കുകയും അതിലേറെ പേരുമായി ധാരണയിലെത്തുകയും ചെയ്തിട്ടുണ്ടെന്നാണറിവ് . സംസ്ഥാന കൃഷി വകുപ്പിന്റെ അനുമതിയുണ്ടെന്ന് കാണിച്ചാണ് കമ്പനി ഫ്രാഞ്ചൈസികളെ ചാക്കിട്ട് പിടിക്കുന്നത്.

വളം വില്‍പനയ്ക്ക് നേരത്തെ കമ്പനിക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും പരാതികളുടെ അടിസ്ഥാനത്തില്‍ കൃഷി വകുപ്പ് കമ്പനിയുടെ ഫ്രാഞ്ചൈസികളില്‍ 2021 ഫെബ്രുവരി 24-ന് പരിശോധന നടത്തിയിരുന്നു. ഇതില്‍ ഫെര്‍ട്ടിലൈസര്‍ കണ്‍ട്രോള്‍ ഓര്‍ഡറിന്റെ (എഫ്സിഒ) ലംഘനം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 2021 മാര്‍ച്ച് 19-ന് കമ്പനിയുടെ ഹോള്‍സെയില്‍ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇത് മറച്ചുവെച്ചാണ് കമ്പനി കൂടുതല്‍ ഫ്രാഞ്ചൈസികള്‍ അനുവദിക്കുന്നതെന്നാണ് ആരോപണം. ഇതിലൂടെ ഫ്രാഞ്ചൈസികളില്‍ നിന്നും വന്‍ തുക കമ്പനി കൈപ്പറ്റിയിട്ടുണ്ട്.പണം നഷ്ടപ്പെട്ട് വഞ്ചിതരായവര്‍ ഫ്രാഞ്ചൈസി തുക തിരിച്ചു ലഭിക്കുന്നതിനായി നിയമനടപടിക്ക് ഒരുങ്ങുകയാണ്.

കോവിഡ് മഹാമാരിയുടെ സാഹചര്യം മുതലെടുത്ത് ഇപ്പോള്‍ മറ്റൊരു തട്ടിപ്പുമായി എസ്പിസി രംഗത്തു വന്നിരിക്കുകയാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി വികസിപ്പിച്ച പ്രാണ ഇന്‍സൈറ്റ് എന്ന ആപ്പാണ് പുതിയ തട്ടിപ്പിനായി ഉപയോഗിക്കുന്നത്. പോസ്റ്റോഫീസ് തലത്തില്‍ ഫ്രാഞ്ചൈസികളെ ലക്ഷ്യമിട്ടാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. വെറും 35,600 രൂപ മുതല്‍മുടക്കി ഫ്രാഞ്ചൈസി എടുക്കുന്ന ഒരാള്‍ക്ക് ജീവിതകാലം മുഴുവനും കമ്പനി വരുമാനം ഉറപ്പു നല്‍കുന്നു.

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് തന്ത്രമാണ് ഇതിനായി മെനഞ്ഞിരിക്കുന്നത്. സിനിമ സംവിധാനം, സംഗീതം, മാജിക് തുടങ്ങിയ വിവിധ കോഴ്സുകള്‍ പ്രഗത്ഭരില്‍ നിന്നും പഠിക്കാനുള്ള അവസരമാണ് ആപ്പിലൂടെ കമ്പനി വാഗ്ദാനം നല്‍കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവരുടെ പേരുകള്‍ ഈ തട്ടിപ്പിനായി കമ്പനി ഉപയോഗിക്കുകയും ചെയ്യുന്നു. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെയാണ് ഇതിന്റെ മോഡലായി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെയും ഫ്രാഞ്ചൈസി ഫീസായി എസ്പിസി കോടികള്‍ സ്വരൂപിച്ചതായാണ് അറിയാന്‍ കഴിയുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *