NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലൈഫ് മിഷന്‍; സി.ബി.ഐക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐക്ക് അന്വേഷണം തുടരാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അന്വേഷണം സ്‌റ്റേ ചെയ്തിട്ടില്ല. സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്ത് യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ അന്വേഷണം രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് എന്നാണ് ഹര്‍ജിയില്‍ പറയുഞ്ഞിരുന്നത്. കേസില്‍ സി.ബി.ഐ അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

തങ്ങളുടെ അനുമതി ഇല്ലാതെയാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന് സര്‍ക്കാരും കോടതിയില്‍ വാദിച്ചിരുന്നു. വിദേശ സംഭാവനാ നിയന്ത്രണ നിയമം സംസ്ഥാന സര്‍ക്കാരിനോ സ്ഥാപനങ്ങള്‍ക്കോ ബാധകമല്ല എന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. അതുകൊണ്ട് എഫ്.സി.ആര്‍.എ നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചുള്ള സി.ബി.ഐ അന്വേഷണത്തിനു സാധുതയില്ലെന്നുമാണ് പ്രത്യേകാനുമതി ഹര്‍ജിയില്‍ സര്‍ക്കാര്‍ വാദിച്ചത്.

ഡല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ചാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്. എന്നാല്‍ അതിന് സര്‍ക്കാര്‍ അനുമതി ആവശ്യമാണെന്നും, വിശദമായ വാദം കേള്‍ക്കണമെന്നും ലൈഫ് മിഷന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ.വി വിശ്വനാഥ്, സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ ശശി എന്നിവര്‍ വ്യക്തമാക്കി.

സ്‌റ്റേ ഇല്ലെന്ന് മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും, അതിനാല്‍ ഈ ഘട്ടത്തില്‍ അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. സി.ബി.ഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജും, സന്തോഷ് ഈപ്പന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ദാവെ, ജോജി സ്‌കറിയ എന്നിവരുമാണ് ഹാജരായത്.

Leave a Reply

Your email address will not be published.