അഭിനയ വിസ്മയത്തിന് വിട; കെപിഎസി ലളിത അന്തരിച്ചു
1 min read

കൊച്ചി: ചലച്ചിത്ര നടി കെപിഎസി ലളിത അന്തരിച്ചു. ഏറെനാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. മകൻ സിദ്ധാർഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. ഭൗതീകശരീരം ബുധനാഴ്ച രാവിലെ എട്ടുമണി മുതൽ 11വരെ തൃപ്പൂണിത്തുറയിൽ പൊതുദർശ്ശനത്തിനു വെച്ചശേഷം വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയി ഔദ്ദ്യോഗിക ബഹുമതിയോടെ സംസ്കരിക്കും.
മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായ കെപിഎസി ലളിത ജനിച്ചുവളർന്നത് കായംകുളത്താണ്. മഹേശ്വരിയമ്മ എന്നാണ് യഥാർത്ഥ പേര്. പത്തു വയസുമുതൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബാലി എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് പ്രശസ്ത നാടകഗ്രൂപ്പായ കെപിഎസിയിൽ ചേർന്നു. അതോടെ മഹേശ്വരിയമ്മ കെപിഎസി ലളിതയെന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ‘കൂട്ടുകുടുംബം’ എന്ന ചിത്രത്തിലൂടെയായിരുന്നു കെപിഎസി ലളിതയുടെ സിനിമാ അരങ്ങേറ്റം. 1978-ൽ സംവിധായകൻ ഭരതനെ വിവാഹം ചെയ്ത് സിനിമയിൽ നിന്നും ഒരിടവേളയെടുത്ത ലളിത കാറ്റത്തെ കിളിക്കൂട്(1983) എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരികെയെത്തി. മലയാളത്തിലും തമിഴിലുമായി അറുനൂറോളം ചിത്രങ്ങളിൽ ലളിത ഇതിനകം വേഷമിട്ടു. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തി.
നടൻ സിദ്ധാർത്ഥ് ഭരതനെ കൂടാതെ ശ്രീക്കുട്ടി എന്നൊരു മകൾ കൂടിയുണ്ട്. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.
കെ പി എ സി ലളിതയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായ കെ പി എ സി ലളിതയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി. നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു