തലശേരിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.ഐ.എം


കണ്ണൂര്‍ തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ന്യൂമാഹിക്കടുത്ത് പുന്നോല്‍ സ്വദേശി ഹരിദാസ് (54) ആണ് കൊല്ലപ്പെട്ടത്. കൊല്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് തലശ്ശേരിയിലും ന്യൂമാഹിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മത്സ്യതൊഴിലാളിയായ ഹരിദാസ് രാത്രി ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങിയ വഴിയായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളില്‍ ആയി എത്തിയ സംഘം വീടിനടുത്ത് വച്ച് ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തില്‍ നിരവധി വെട്ടേറ്റിട്ടുണ്ട്. ഒരു കാല്‍ വെട്ടി മാറ്റിയ നിലയിലായിരുന്നു.
ബഹളം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഹരിദാസിനെ ഉടനെ അടുത്തുള്ള തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരനും വെട്ടേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്.
അതേസമയം ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. പുന്നോലിലെ ക്ഷേത്ര ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് സി.പി.എം ബി.ജെ.പി സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളില്‍ സി.പി.എം ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളുടെ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.