കല്യാണത്തിന് വന്ന് ആഭാസം കാണിച്ചാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കും; വിവാഹ ക്ഷണക്കത്ത് വൈറല്‍..


മകള്‍ മാലതിയുടെ കല്യാണം വിളിക്കാൻ അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ ക്ഷണക്കത്താണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
വിവാഹചടങ്ങിലെത്തി ആഭാസം കാണിച്ചാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്നാണ് വധുവിന്റെ അച്ഛന്‌റെ മുന്നറിയിപ്പ്. വിവാഹ ദിനത്തിൽ ചെറുക്കന്റെയോ പെണ്ണിന്റെയോ സുഹൃത്തുക്കളോ ബന്ധുക്കളോ ഒപ്പിക്കുന്ന തമാശ കാര്യമാകുന്നത് മുമ്പും ചർച്ചയായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ വിവാഹ ആഘോഷത്തിനിടെയുണ്ടായ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈ കുറിപ്പ് വൈറലാകുന്നുത്.
മകളുടെ വിവാഹ ക്ഷണക്കത്തിന്റെ താഴെ പ്രത്യേക കോളത്തിലാണ് ആഭാസം കാണിക്കുന്നവർക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ‘മംഗളകരമായി നടക്കേണ്ട വിവാഹം എന്ന ചടങ്ങ് ഈ കഴിഞ്ഞ ഈ ഇടെയായി പലസ്ഥലങ്ങളിലും സുഹൃത്ത് വ്യൂഹങ്ങൾ ചേർന്ന് വളരെ ആഭാസകരമായ രീതിയിൽ നടന്നുവരുന്നതായി കാണാറുണ്ട്. ഈ ഓഡിറ്റോറിയത്തിലോ വീട്ടിലോ പരിസരങ്ങളിലോ വച്ച് വരന്റെ/വധുവിന്റെ സുഹൃത്തുക്കളിൽ ആരെങ്കിലും അതുപോലെ ആഭാസപ്രവർത്തികൾ കൊണ്ട് ആളാവാൻ ശ്രമിച്ചാൽ അതാരാണ് എങ്കിലും അവർ അന്ന് നടന്ന് സ്വന്തം വീട്ടിൽ പോവുകയില്ല. മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും എന്ന് മനസ്സിലാക്കുക. എന്ന് വധുവിന്റെ അച്ഛൻ ബാലകൃഷ്ണൻ നായർ, ഒപ്പ്’. എന്നാണ് ക്ഷണകത്തിൽ പ്രത്യേകം കുറിച്ചിരിക്കുന്നത്.

അക്ഷരത്തെറ്റും വ്യാകരണപിശകുമൊക്കെ ഉള്ളതിനാല്‍, ആരോ ട്രോളിനുവേണ്ടി സൃഷ്ടിച്ച ക്ഷണക്കത്താണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും സമീപകാലത്തായി ഏറെ കേട്ടുവരുന്ന വിവാഹ റാഗിങ്ങുകൾക്കെതിരെയുള്ള എതിർപ്പ് തന്നെയാണ് ക്ഷണക്കത്ത് ഏറെ സ്വീകാര്യത നേടിയത്. ..