NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം

സംസ്ഥാന നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പതിനഞ്ചാം നിയമസഭയുടെ നാലാമത് സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. ഇന്ന് രാവിലെ 9 മണിക്കാണ് നയപ്രഖ്യാപനം. ഏറെ അനിശ്ചിതത്വത്തിനൊടുവില്‍ ഇന്നലെ വൈകിട്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പ് വച്ചത്.

ഗവര്‍ണറെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ മാറ്റിയിരുന്നു. ഗവര്‍ണ്ണറുടെ അഡീഷണല്‍ പി എ ആയി ഹരി എസ് കര്‍ത്തായെ നിയമിക്കുന്ന ഫയലില്‍ ജ്യോതി ലാല്‍ വിയോജനക്കുറിപ്പെഴുതിയരുന്നു. ഇത് ഗവര്‍ണ്ണറെ ചൊടിപ്പിച്ചിരുന്നു. ഇത് മുഖ്യമന്ത്രിയോട് ഗവര്‍ണ്ണര്‍ പറയുകയും ചെയ്തു. പൊതുഭരണ സെക്രട്ടറി ഇത്തരം ഒരു കത്തെഴുതണമെങ്കില്‍ അത് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ആയിരിക്കുമെന്നാണ് ഗവര്‍ണ്ണര്‍ പറഞ്ഞത്. അതിനാല്‍ ജ്യോതി ലാലിനെ മാറ്റി നിര്‍ത്തി ഗവര്‍ണ്ണറെ അനുനയിപ്പിക്കുകയായിരുന്നു.

സമ്മേളനം രണ്ട് ഘട്ടമായാണ് നടക്കുക. സഭ മാര്‍ച്ച് 23 ന് പിരിയും. ഫെബ്രുവരി 21ന് അന്തരിച്ച എംഎല്‍എ പിടി തോമസിന് ആദരം അര്‍പ്പിക്കും. തുടര്‍ന്ന് 22 മുതല്‍ 24 വരെ നയപ്രഖ്യാപനത്തിന്‍ മേലുള്ള നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കി സഭ പിരിയും. ബജറ്റ് അവതരണത്തോടെയാണ് രണ്ടാം ഘട്ടം ആരംഭിക്കുക.

മാര്‍ച്ച് 11 ന് 2022-23 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കും. ശേഷം 14 മുതല്‍ 16 വരെ ബജറ്റിനെ കുറിച്ചുള്ള പൊതു ചര്‍ച്ച നടക്കും. 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലുമാസത്തെ ചെലവുകള്‍ നിര്‍വ്വഹിക്കുന്നതിനായുള്ള വോട്ട്-ഓണ്‍-അക്കൗണ്ട് 22ന് സഭ പരിഗണിക്കും.

രണ്ട് ഘട്ടങ്ങളിലായി 14 ദിവസമാണ് ബജറ്റ് സമ്മേളനം ചേരുന്നത്. സഭ നടപടികളുടെ വെബ് കാസ്റ്റിംഗ് ഒന്നര മണിക്കൂര്‍ വൈകിയാണ് നടക്കുന്നത് ഇത് 15 മിനിട്ടായി കുറയ്ക്കുമെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *