അമ്പലമുക്കിലെ യുവതിയുടെ കൊലപാതകം; പ്രതി കസ്റ്റഡിയില്‍


തിരുവനന്തപുരം അമ്പലമുക്കില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശി രാജേഷാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതി പിടിയിലായത്. പേരൂര്‍ക്കടയിലെ ഹോട്ടല്‍ ജീവനക്കാരനാണ് ഇയാള്‍.
കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലമുക്കില്‍ അലങ്കാര ചെടി വില്‍ക്കുന്ന കടയിലെ ജീവനക്കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നെടുമങ്ങാട് സ്വദേശി വിനീതയാണ് മരിച്ചത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു. അവധി ദിവസമായിരുന്നെങ്കിലും ചെടികള്‍ക്ക് വെള്ളം നനയാക്കാന്‍ എത്തിയതായിരുന്നു വിനീത. ഇവരെ 11 മണിവരെ സമീപവാസികള്‍ പുറത്ത് കണ്ടിരുന്നു. എന്നാല്‍ പിന്നീട് കടയില്‍ ചെടി വാങ്ങാനായി എത്തിയവര്‍ ആരേയും കാണാതായതോടെ ഉടമയെ ബന്ധപ്പെടുകയായിരുന്നു.
സംശയം തോന്നിയ ഉടമ മറ്റൊരു ജീവനക്കാരിയെ പറഞ്ഞയച്ചു. പരിശോധനയില്‍ കടയുടെ ഒരു ഇടുങ്ങിയ വശത്തായി വിനീതയുടെ മൃതദേഹം കണ്ടെത്തുതയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു.
യുവതിയുടെ കഴുത്തിലെ മാല കാണാതായിരുന്നു. മോഷണ ശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയായിരുന്നു. 11 മണിയോടെ കടയിലെത്തിയ പ്രതി 20 മിനിറ്റിന് ശേഷം പുറത്ത് വരുന്നതായാണ് ദൃശ്യങ്ങളില്‍ ഉള്ളത്. പ്രതിക്ക് കൊലപാതകത്തിനിടെ പരിക്കേറ്റിരുന്നു.
പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്ത് വിട്ടിരുന്നു. തുടര്‍ന്ന് അമ്പലമുക്കില്‍ നിന്നും ഓട്ടോയില്‍ മുട്ടട എത്തിയ പ്രതി മറ്റൊരു സ്‌കൂട്ടറില്‍ കയറി ഉള്ളൂരില്‍ ഇറങ്ങിയതായും തുടര്‍ന്ന് ഓട്ടോയില്‍ പേരൂര്‍ക്കട ഇറങ്ങിയതായും പൊലീസിന് വിവരം ലഭിച്ചു. ഇതനുസരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. കസ്റ്റഡിയില്‍ ഉള്ള പ്രതിയെ നിലവില്‍ ചോദ്യം ചെയ്ത് വരികയാണ്.