പാലക്കാട് യുവാക്കള്‍ അപകടത്തില്‍ മരിച്ച സംഭവം; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അറസ്റ്റില്‍


പാലക്കാട് രണ്ട് യുവാക്കള്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ കുഴല്‍മന്ദം പൊലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ തൃശൂര്‍ പട്ടിക്കാട് സ്വദേശി സി.എല്‍ ഔസേപ്പാണ് അറസ്റ്റിലായത്. അപകടത്തിന് മുമ്പായി ഡ്രൈവറും, യുവാക്കളും തമ്മില്‍ തര്‍ക്കം ഉണ്ടായതായി ബസ് യാത്രക്കാര്‍ വെളിപ്പെടുത്തിയിരുന്നു. അപകടം മനഃപൂര്‍വ്വമുള്ള കൊലപാതകമാണെന്ന് യുവാക്കളുടെ കുടുംബം ആരോപിച്ചു.
ഈ മാസം 7ാം തിയതിയായിരുന്നു അപകടം നടന്നത്. പാലക്കാട് നിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസാണ് അപകടത്തിന് ഇടയാക്കിയത്. പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍കോട് സ്വദേശി സബിത്ത് എന്നിവരാണ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചത്.
അപകടം നടക്കുന്നതിന് കുറച്ച് സമയം മുമ്പ് ഡ്രൈവറും, ബൈക്ക് യാത്രക്കാരായ യുവാക്കളും തമ്മിന്‍ തര്‍ക്കമുണ്ടായിരുന്നു. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. അപകടത്തിന്റെ ദൃശ്യങ്ങള്‍ ബസിന്റെ പിറകിലായി സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്‌ബോര്‍ഡ് കാമറയില്‍ പതിയുകയും ഇത് പിന്നീട് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി അന്വേഷണം പ്രഖ്യാപിക്കുകയും ഡ്രൈവറുടെ വീഴ്ചയാണെന്ന് കണ്ടെത്തുകയും ചെയ്തു. ബസ് വെട്ടിച്ചത് കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. അപകടത്തിന് പിന്നാലെ ഇയാളെ ജോലിയില്‍ നിന്ന് സി.എം.ഡി സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുവാക്കളുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.